മുഖ്യമന്ത്രി വിദേശരാജ്യങ്ങളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. താന്‍ അതിനെ ചോദ്യം ചെയ്യുന്നില്ല.
എന്നാല്‍ ഈ യാത്രയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അദ്ദേഹവും പാര്‍ട്ടിയും വ്യക്തത വരുത്തണം. പത്തൊന്‍പത് ദിവസം ഇവരെല്ലാവരും കൂടി മൂന്ന് വിദേശരാജ്യങ്ങളില്‍ വിനോദ സഞ്ചാരം നടത്താനുള്ള വരുമാന സ്രോതസ് എവിടെ നിന്നാണ്?. അത് എവിടെ നിന്നാണ് വരുന്നത്?. അത് ആരാണ് സ്‌പോണസര്‍ ചെയ്തിരിക്കുന്നത്?. അത് അദ്ദേഹം വ്യക്തമാക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറയണമെന്ന് വി മുരളീധരന്‍ പറഞ്ഞു.
പത്തൊന്‍പത് ദിവസം മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേരളത്തില്‍ ഇല്ല. ഈ ചുമതല അത് ആര്‍ക്കാണ് കൈമാറിയിരിക്കുന്നത്?. ആര്‍ക്കും ചുമതല കൈമാറാതെ തോന്നിയപ്പോലെ ഇറങ്ങിപ്പോകുകയെന്നത് കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന അങ്ങേയറ്റം നിരുത്തരവാദമല്ലേയെന്നും മുരളീധരന്‍ ചോദിച്ചു.
അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍ എന്നുപറയുമ്പോള്‍ അതിന്റെ തലവന്‍ ആഡംബരയാത്രയില്‍ മുഴുകുന്നതില്‍ പാര്‍ട്ടിയുടെ നിലപാട് എന്താണ്? എല്ലാ കാര്യങ്ങളിലും മോദിയെ വിമര്‍ശിക്കുന്ന ആളാണ് സിപിഐയുടെ സെക്രട്ടറി. അദ്ദേഹം അക്കാര്യത്തില്‍ ഇതുവരെ ഒന്നുമിണ്ടിയിട്ടില്ല. ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും വി മുരളീധരന്‍ പറഞ്ഞു.
റോം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെ കുറിച്ച് മലയാളികള്‍ക്ക് കേട്ടറിവ് ഉണ്ട്. പക്ഷെ അങ്ങനെ ഒരു നീറോ ചക്രവര്‍ത്തിയെ നേരിട്ട് കാണാനുള്ള സാഹചര്യം മലയാളികള്‍ക്ക് ഉണ്ടായിട്ടില്ല. പിണറായി വിജയന്റ വിദേശയാത്രയോടെ മലയാളികള്‍ക്ക് അതിന് കഴിഞ്ഞെന്നും മുരളീധരന്‍ പരിഹസിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി താന്‍ ബംഗാളിലായിരുന്നു. ബംഗാളിലെ സിപിഎമ്മിന്റെ സ്ഥിതി ദയനീയമാണ്. അവിടെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പോലും ആരും ഇല്ല. നമ്മുടെ നാട്ടില്‍ സ്വതന്ത്രര്‍ പരിപാടി അവതരിപ്പിച്ചാല്‍ മുന്‍പിലിരിക്കാന്‍ 15 പേരെങ്കിലും ഉണ്ടാകും. അതുപോലും ഇല്ലാത്ത ഗതികേടിലാണ് ബംഗാളിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. ബംഗാളിലെ ജനം ഇത് നേരത്തെ തിരിച്ചറിഞ്ഞു. ബംഗാളിലെ സ്ഥിതി അധികം വൈകാതെ കേരളത്തിലും വരുമെന്ന് മുരളീധരന്‍ പറഞ്ഞു.