കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫ്ലാറ്റിലെ താമസക്കാരായ അച്ഛനും അമ്മയും മകളും കസ്റ്റഡിയിൽ


കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളിലേക്കെത്താൻ പൊലീസിനെ സഹായിച്ചത് കവറിലെ മേൽവിലാസം. കുഞ്ഞിന്റെ മൃതദേഹം പൊതിഞ്ഞിരുന്നത് ആമസോൺ സൈറ്റിൽ നിന്ന് വന്ന കൊറിയർ കവറിലായിരുന്നു. ഇതിലുണ്ടായിരുന്ന ഫ്ലാറ്റ് മേൽവിലാസം കൃത്യമായി പൊലീസിനെ പ്രതികളിലേക്കെത്തിക്കുകയായിരുന്നു.

വൻഷിക അപ്പാർട്ട്മെന്റിലെ 5സി1 ഫ്ലാറ്റിലെ താമസക്കാരായ അച്ഛനും അമ്മയും മകളുമാണ് ഇപ്പോൾ കസ്റ്റഡിയിലായിരിക്കുന്നത്. ഇവർ 15 വർഷമായി ഇവിടെ താമസിക്കുന്നവരാണ്. ഇവർക്ക് അയൽക്കാരുമായൊന്നും വലിയ അടുപ്പമുണ്ടായിരുന്നില്ല. ഇന്നലെ വൈകിട്ടും ഈ യുവതിയെ പുറത്ത് കണ്ടിരുന്നെന്നും ഗർഭിണിയാണെന്ന ലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും ഫ്ലാറ്റിലുള്ളവർ പറയുന്നു.

ഫ്ളാറ്റിലെ ശുചിമുറിയിൽ വച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് വിവരം. തുണി ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപ്പെടുത്തിയത്. ശേഷം കവറിലാക്കി എറിയുകയായിരുന്നു. സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്കാണ് എറി‍ഞ്ഞത്. എന്നാൽ ഉന്നം തെറ്റി നടുറോഡിലേക്ക് വീഴുകയായിരുന്നു. പൊലീസ് പരിശോധനയിൽ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മൂവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കൃത്യത്തിൽ യുവതിക്ക് മാത്രമേ പങ്കുള്ളോ അതോ മാതാപിതാക്കളുടെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

أحدث أقدم