കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ കളിക്കൊട്ടിൽ അബുവിൻ്റെ മകൻ മുഹമ്മദ് സക്കീർ മരിച്ചത്. 37 വയസായിരുന്നു. സംഭവ സ്ഥലത്ത് തന്നെയായിരുന്നു മരണം.
വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ചക്രം ഊരിത്തെറിച്ചതോടെ സഡൻ ബ്രേക്കിട്ട വാഹനത്തിന് പുറകിൽ സക്കീർ സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നു. പുറകിൽ വന്ന ലോറിയും സക്കീറിനെ ചേർത്തിടിച്ചു. 15 മിനിറ്റ് ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു.