സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് ഓഡിയോയില്‍ പറയുന്നത്. എഫ്‌കെഎച്ച്എയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മീറ്റിങ് നടക്കുകയാണ്. പുതിയ പോളിസി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ വരുന്നതാണ്. അതിനകത്ത് ഒന്നാം തീയതി ഡ്രൈഡേ എടുത്തു കളയും. സമയത്തിന്റെ കാര്യങ്ങളൊക്കെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പറഞ്ഞതാണ്. ഇതൊക്കെ ചെയ്തുതരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ട കാര്യങ്ങള്‍ കൊടുക്കണം.
ഇടുക്കി ജില്ലയില്‍ നിന്നും ഒരു ഹോട്ടല്‍ മാത്രമാണ് രണ്ടര ലക്ഷം രൂപ തന്നത്. മറ്റാരും തന്നിട്ടില്ല. സംസ്ഥാനത്താകെ മൂന്നിലൊന്ന് കളക്ഷന്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. നമ്മള്‍ കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വീതം കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ടു ദിവസത്തിനകം ഈ ഗ്രൂപ്പില്‍ ഇടുക എന്നാണ് അനിമോന്‍ ഓഡിയോ ക്ലിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. വിവാദമായതോടെ ശബ്ദരേഖ പരിശോധിക്കണമെന്നാണ് അനിമോന്‍ പറഞ്ഞത്.
എന്നാല്‍ പണപ്പിരിവിന് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ബാറുടമ സംഘടന സംസ്ഥാന പ്രസിഡന്റ് വി സുനില്‍കുമാര്‍ പറഞ്ഞു. ഏഴു വര്‍ഷത്തിനിടെ കേരളത്തില്‍ 820 ഹോട്ടലുകളായി. ഇതിന് ലൈസന്‍സ് നേടാനായിട്ട് ഒരു രൂപയെങ്കിലും ആരെങ്കിലും വാങ്ങിയതായിട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാന്‍ സംഘടന തീരുമാനിച്ചു. കൊച്ചിയില്‍ ഓഫീസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്തും ഓഫീസ് വേണ്ട എന്ന് സംഘടനയില്‍ ചിലര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ തിരുവനന്തപുരത്ത് ഓഫീസ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 30 നാണ് കരാര്‍ അവസാനിക്കുന്നത്. ഇതിനായി നാലരക്കോടി രൂപ മാത്രമാണ് കളക്ട് ചെയ്യാനായത്. 5 കോടി 60 ലക്ഷം രൂപ സ്ഥല ഉടമസ്ഥന് നല്‍കണം. എഴുത്തു ഫീസ് 60 ലക്ഷം രൂപയോളമാകും. അതിനാല്‍ അംഗങ്ങള്‍ രണ്ടരലക്ഷം രൂപ വീതം സംഘടനയ്ക്ക് ലോണ്‍ തരണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശത്തോട് അനിമോന്‍ അടക്കമുള്ളവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചു.
തിരുവനന്തപുരത്ത് ഓഫീസ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ അനിമോന്റെ നേതൃത്വത്തില്‍ വേറൊരു അസോസിയേഷന്‍ രൂപീകരിക്കാന്‍ നീക്കം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അനിമോനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. രണ്ടരലക്ഷം രൂപ വായ്പയായിട്ടാണ് അംഗങ്ങളില്‍ നിന്നും വാങ്ങുന്നത്. കിട്ടാനുള്ള ജില്ലകളില്‍ നിന്നും പണം ലഭിക്കുമ്പോള്‍ ഈ പണം തിരികെ നല്‍കുന്നതാണ്. ഡ്രൈഡേ ഒഴിവാക്കണമെന്നും സമയം കൂട്ടി നല്‍കണമെന്നും ബാറുടമകള്‍ മാത്രമല്ല, ടൂറിസം രംഗത്തെ സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
സംഘടനയെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ട് അനുഭവിച്ചത് ബാര്‍ തുറക്കാതിരുന്ന വേളയിലാണ്. അന്നു കൊടുത്തിട്ടില്ല. അതു മാത്രമല്ല തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇനി ആര്‍ക്കാണ് ഫണ്ട് കൊടുക്കുന്നത്. സംഘടനയോട് ആരും ഫണ്ട് ചോദിച്ചിട്ടില്ല. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആള്‍ക്ക് എന്തും പറയാമെന്നും വി സുനില്‍കുമാര്‍ പറഞ്ഞു. ബില്‍ഡിങ് ഫണ്ട് പ്രസിഡന്റ് എടുത്തു എന്ന തരത്തില്‍ ചിലര്‍ സര്‍ക്കാരിന് പരാതി കൊടുത്തിട്ടുണ്ട്. ആ പരാതികളില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഗൂഢാലോചനയുടെ ഫലമാണെന്നും വി സുനില്‍കുമാര്‍ പറഞ്ഞു.