ഈ വര്‍ഷം ഹജ്ജിനിടെ 1301 പേര്‍ മരിച്ചെന്ന് സൗദി; 83 ശതമാനം പേരും അനധികൃത തീര്‍ഥാടകര്‍




റിയാദ്: കനത്ത ചൂടില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെ 1300ലേറെ പേര്‍ മരിച്ചതായി സൗദി അറേബ്യ. മരിച്ച 1,301 പേരില്‍ 83 ശതമാനവും അനധികൃത തീര്‍ഥാടകരാണെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജലാജെല്‍ പറഞ്ഞു. വിശുദ്ധ നഗരമായ മക്കയിലും പരിസരത്തും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനായി കടുത്ത ചൂടില്‍ ദീര്‍ഘദൂരം നടന്നവര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

95 തീര്‍ഥാടകര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി വിമാനമാര്‍ഗം തലസ്ഥാനമായ റിയാദിലേക്ക് കൊണ്ടുപോയെന്നും മന്ത്രി പറഞ്ഞു. മരിച്ച പല തീര്‍ഥാടകരുടെയും പക്കല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തിരിച്ചറിയല്‍ നടപടികള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച പലരെയും മക്കയില്‍ അടക്കം ചെയ്തു. മരിച്ചവരില്‍ 660ലധികവും ഈജിപ്തുകാരാണ്. ഇവരില്‍ 31 പേര്‍ ഒഴികെ എല്ലാവരും അനധികൃത തീര്‍ഥാടകരായിരുന്നു എന്ന് അധികൃതര്‍ വ്യക്തമാക്കി. അനധികൃത തീര്‍ഥാടകരെ സൗദി അറേബ്യയിലേക്ക് പോകാന്‍ സഹായിച്ച 16 ട്രാവല്‍ ഏജന്‍സികളുടെ ലൈസന്‍സ് ഈജിപ്ത് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു.

മരിച്ചവരില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള 165 തീര്‍ഥാടകരും ഇന്ത്യയില്‍ നിന്നുള്ള 98 പേരും ജോര്‍ദാന്‍, ടുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഡസന്‍ കണക്കിന് തീര്‍ഥാടകരും ഉള്‍പ്പെടുന്നുവെന്ന് എപി റിപ്പോര്‍ട്ട് പറയുന്നു. രണ്ട് യുഎസ് പൗരന്മാര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.


أحدث أقدم