അവസാനഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് ഇന്ന് ; മോദിയുടെ വാരാണസിയടക്കം ജനം വിധിയെഴുതുക 57 മണ്ഡലങ്ങളിൽ




ന്യൂഡൽഹി :ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇന്ന് തിരശ്ശീല വീഴും. ഏപ്രിൽ 18ന് ആരംഭിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പ്രക്രിയയ്ക്ക് ഏഴാം ഘട്ടത്തോടെ പരിസമാപ്തിയാകുന്നു. ഏഴാംഘട്ടത്തിൽ രാജ്യത്തെ അവശേഷിക്കുന്ന 57 ലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

ഉത്തർപ്രദേശ്, ബിഹാർ, ഹിമാചൽപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാൾ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി, നടി കങ്കണ റണാവത്തും കോൺഗ്രസ് നേതാവ് വിക്രമാധിത്യ സിങ്ങും ഏറ്റുമുട്ടുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മത്സരിക്കുന്ന ബിഹാറിലെ പട്‌ന സാഹിബ് എന്നിവ പ്രധാന മണ്ഡലങ്ങളാണ്.

ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.കോൺഗ്രസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഹിമാചൽ പ്രദേശിലെ 6 ഇടത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പോളിംഗ് ബൂത്തിലേക്ക് പോകുന്ന യുപിയിലെ 13 മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധേയം പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസിയും യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരുമാണ്. പുണ്യനഗരമായ വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം അങ്കമാണിത്. ജൂൺ നാലിനാണ് ഏവരും കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരിക.
أحدث أقدم