'കൈ' വിട്ടു, തൃശൂർ കോൺഗ്രസിൽ കൂട്ടയടി



തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന്റെ പേരിലുള്ള തർക്കം കൈയാങ്കളിയിലേക്ക് നീങ്ങി. തൃശൂർ ഡിസിസി ഓഫീസിലാണ് സംഘർഷാവസ്ഥ. കെ മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്തതായി പരാതി. ഇന്ന് വൈകീട്ടു നടന്ന യോഗത്തിനിടെയാണ് നാടകീയ സംഭവങ്ങൾ.

മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്നു പിടിച്ചു തള്ളിയെന്നാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി സജീവൻ കുര്യച്ചിറ ഡിസിസി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നാലെ ഓഫീസിലേക്ക് എത്തിയ മുരളിയെ അനുകൂലിക്കുന്നവരും ജോസ് വള്ളൂക്കാരനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് കൈയാങ്കളി നടന്നത്.

തന്നെ വിളിച്ചു വരുത്തി ഡിസിസി പ്രസിഡന്‍റും അദ്ദേഹത്തിന്‍റെ ഗുണ്ടകളും കൈയേറ്റം ചെയ്തതായി പറഞ്ഞ് സജീവന്‍ പൊട്ടിക്കരഞ്ഞു.

തെരഞ്ഞെടുപ്പിൽ കേരളത്തിൽ 18 മണ്ഡലങ്ങളിൽ യുഡിഎഫ് ജയിച്ചു. ആലത്തൂരിൽ എൽഡിഎഫും തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുമാണ് ജയിച്ചത്. ചരിത്രത്തിൽ ആദ്യമായി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. മണ്ഡലത്തിൽ മുരളീധരൻ മൂന്നാം സ്ഥാനത്തു മാത്രമാണ് എത്തിയത്. ഇതാണ് കൈയാങ്കളിയിലേക്ക് നീങ്ങാൻ കാരണമായത്.

أحدث أقدم