ജൂലൈ മുതൽ ഏകീകൃത കുർബാന നിർബന്ധം; കടുത്ത നടപടിയുമായി സിറോ മലബാർ സഭ





കൊച്ചി: വിമതർക്കെതിരെ കടുത്ത നടപടിയുമായി സിറോ മലബാർ സഭ. ജൂലൈ 3 നുശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തായിരിക്കുമെന്ന് മുന്നറിയിപ്പ് . നടപടി നേരിടുന്ന വൈദികർക്ക് വിവാഹം നടത്താനും അധികാരമില്ല. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് സർക്കുലർ ഇറക്കിയത്. ഈ സർക്കുലർ ജൂൺ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണം. സഭാ സംവിധാനത്തെ വെല്ലുവിളിച്ചുകൊണ്ട് കത്തോലിക്കാ സഭയിൽ തുടരാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. മാർപാപ്പയുടെ നിർദേശപ്രകാരമാണ് വിമതർക്കെതിരെ സഭാ നേതൃത്വം നടപടി സ്വീകരിക്കുന്നത്. സിറോ മലബാർ സഭയിലെ എല്ലാ വൈദികർക്കും ഈ ഉത്തരവ് ബാധകം ആയിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. ഉത്തരവ് പാലിക്കാത്ത വൈദികർക്ക് പൗരോഹിത്യ ശുശ്രൂഷയിൽ നിന്നും വിലക്കേർപ്പെടുത്തും.

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി.
നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാന അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
أحدث أقدم