ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കടലില്‍ പോകരുത്, 'കള്ളക്കടലില്‍' ജാഗ്രത




തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ, സംസ്ഥാനത്ത് ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പ് ഇല്ല. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളത്. ഇടിമിന്നല്‍ അപകടകാരികളായത് കൊണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു..
أحدث أقدم