തമിഴ്‌നാട് :കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം അമ്പത് ആയി. ചികിത്സയിലുള്ള എട്ട് പേർ കൂടി മരിച്ചത്തോടെയാണ് മരണസംഖ്യ അമ്പതായത്. നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.
മരണസംഖ്യ ഇനിയും ഉയർന്നേക്കും. 10 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, വിഷമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ പിടിയിലായി. കടലൂരിൽ നിന്ന് സി ബി സി ഐ ഡി സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളാണ് വിഷമദ്യം നിർമിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മദ്യ വില്‌പന നടത്തിയ ദമ്പതികളടക്കമുള്ള നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 200 ലിറ്ററിലധികം മദ്യം പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. പരിശോധനയിൽ മദ്യത്തിൽ മെഥനോൾ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഥനോളിന്റെ ഉറവിടത്തെപ്പ്റ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.
മരിച്ചവരെല്ലാം കൂലിപ്പണിക്കാരാണെന്നാണ് വിവരം.
ചൊവാഴ്ച രാത്രി കള്ളക്കുറിച്ചി കരുണാകുളത്തു നിന്നാണ് ഇവരെല്ലാം മദ്യം കഴിച്ചത്. ഇതിനുപിന്നാലെ ഇവർക്ക് ഛർദ്ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടു. തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തമിഴ്‌നാട് സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ചികിത്സയിലുള്ളവർക്ക് അൻപതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.