അപകടകരമായ രീതിയിൽ ബഹുനില കെട്ടിടത്തിൽ താഴേക്ക് തൂങ്ങിക്കിടന്നു റീൽസെടുത്ത യുവതിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പുനെ സ്വദേശികളായ മിഹിർ ഗാന്ധി (27), മീനാക്ഷി സലുൻഖെ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പുനെയിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പുനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിർമാണം പൂർത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസിൽ കയറിയായിരുന്നു സാഹസിക റീൽസ് ചിത്രീകരണം. ടെറസിൽ നിന്ന് യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീൽസ് ചിത്രീകരിച്ചത്. ഇതിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.നാല് പേര്‍ക്കെതിരെയാണ് കേസ്.വീഡിയോ ചിത്രീകരിച്ച രണ്ട് പേര്‍ ഒളിവിലാണ്.