തിരുവനന്തപുരം: ബാർ കോഴ വിവാദം കത്തുന്നതിനിടെ പണപ്പിരിവിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരത്തെ തന്നെ അറിവ് ലഭിച്ചെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഏപ്രിൽ മാസത്തിലാണ് ഒരു വിഭാഗം ബാറുമകൾ പണപ്പിരിവിനെ കുറിച്ച് പരാതിയായി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചത്.
എക്സൈസ് വിജിലൻസിന് പരാതി കൈമാറിയ മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നിടൊന്നും ഈ വിഷയത്തിൽ ചെയ്തില്ല. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി കൈമാറിയെങ്കിലും എക്സൈസ് വിജിലൻസ് അന്വേഷണം ഇനിയും പൂർത്തിയായിട്ടില്ല. അന്വേഷണം തുടങ്ങിയത് ശബ്ദരേഖ പുറത്ത് വന്ന ശേഷം മാത്രമാണ്.
ഇതിനിടെ ബാർകോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുള്ള മന്ത്രി എം ബി രാജേഷിന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണന് നോട്ടീസ് അയച്ചിരുന്നു. വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ രാധാകൃഷ്ണൻ ഉണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നോട്ടീസ് അയച്ചത്. പലതവണ അന്വേഷണത്തോട് സഹകരിക്കാൻ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. ഫോണിൽ ബന്ധപ്പെട്ടിട്ടും ചോദിച്ച വിവരങ്ങൾ നൽകാത്തതിനെ തുടർന്നാണ് അർജുനെ നേരിട്ട് വിളിച്ചു വരുത്തുന്നതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. വിവാദ ശബ്ദ സന്ദേശം എങ്ങനെ പുറത്തുവന്നു എന്നത് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
അർജുൻ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഇടുക്കിയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടെന്നും ഈ നമ്പറിലെ പ്രൊഫൈൽ ചിത്രം മറ്റൊരാളുടേതാണെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിന്റെ നിജസ്ഥിതി അടക്കം പരിശോധിക്കാൻ ആണ് നോട്ടീസ് നൽകി വിളിച്ചുവരുത്തുന്നത്. അർജുന്റെ ഭാര്യാപിതാവ് ബാർ ഉടമകളുടെ സംഘടനയിലെ അംഗവും വാട്സ്ആപ്പ് ഗ്രൂപ്പിന്റെ മുൻ അഡ്മിനും ആയിരുന്നു. എന്നാൽ ബാറുമകളുടെ സംഘടനയുമായി ഒരു ബന്ധമില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളത് തന്റെ നമ്പർ അല്ലെന്നുമാണ് അർജുന്റെ വിശദീകരണം.