തീപിടുത്തമുണ്ടായ കുവൈത്തിലെ ഫ്ലാറ്റിലെ മുറിയിൽ ശരത് അടക്കം അഞ്ചു പേരാണ് ഉണ്ടായിരുന്നത്. തിരുവല്ല സ്വദേശി അനിലാണ് തീപിടിത്തമുണ്ടായത് അറിഞ്ഞ് നാലു പേരെയും വിളിച്ചുണർത്തിയത്. ഉണർന്നപ്പോൾ മുറി മുഴുവൻ പുക നിറഞ്ഞ അവസ്ഥയായിരുന്നു. വാതിൽ തുറന്നപ്പോൾ തീ ആളിപ്പടരുന്നത് കണ്ടു.
രക്ഷയ്ക്കായി ആദ്യം ഓടിക്കയറിയത് ബാത്ത്റൂമിലേക്കായിരുന്നു. അഞ്ചു പേരും ശുചിമുറിയിൽ കയറി വാതിലടിച്ചു. എന്നാൽ ശ്വാസം മുട്ടാൻ തുടങ്ങിയതോടെ മറ്റ് വഴികൾ തേടി. ജനൽ വഴി പുറത്തുകടക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് താഴേക്ക് ചാടാൻ തീരുമാനിക്കുന്നത്. ജീവൻ പണയംവച്ച് ആദ്യം ശരത് ചാടി. പിന്നാലെ മറ്റു 4 പേരും. ചാട്ടത്തിൽ ഇടതുകാലിനു പരുക്കേറ്റു. മറ്റുള്ളവർക്കും പരുക്കുണ്ട്. എൻബിടിസി കമ്പനിയിൽ ആറു വർഷമായി ജോലി ചെയ്യുകയാണ് ശരത്.