കുവൈത്ത് അഗ്നിബാധ: കെട്ടിട, കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിറക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ്


കുവൈത്ത് സിറ്റി ∙ മംഗെഫിലുണ്ടായ അഗ്നിദുരന്തത്തിന് കാരണക്കാരായ കെട്ടിട ഉടമ, കെട്ടിടത്തിന്റെ കാവൽക്കാരൻ, ഈ കെട്ടിടത്തിൽ താമസിക്കുന്ന തൊഴിലാളികളുടെ ഉത്തരവാദിത്തമുള്ള കമ്പനിയുടെ ഉടമ എന്നിവരെ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് പൊലീസിനോട് ഉത്തരവിട്ടു. ഇതിനിടെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 41 ആയി.

സംഭവസ്ഥലത്ത് നിന്ന് തെളിവ് ശേഖരിക്കാൻ ഉദ്യോഗസ്ഥർ പരിശോധന നടത്തും. കെട്ടിടത്തിൽ ഒരേ കമ്പനിയിലെ തൊഴിലാളികളായ 160 ഓളം പേരാണ് താമസിച്ചിരുന്നത്. ഇന്ന് സംഭവിച്ചത് കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് തീപിടുത്തമുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഒരു റസിഡൻഷ്യൽ കെട്ടിടത്തിൽ വൻതോതിൽ തൊഴിലാളികൾ തിങ്ങിനിറയുന്ന ഇത്തരം നിയമലംഘനങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിക്കും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനും നിർദേശം നൽകിയതായും ഷെയ്ഖ് ഫഹദ് കൂട്ടിച്ചേർത്തു. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

മംഗെഫ് ബ്ലോക്ക് നാലിൽ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ക്യാംപിൽ ഇന്ന് (ബുധൻ) പുലർച്ചെ നാലരയോടെയുണ്ടായ ദുരന്തത്തിൽ മരണസംഖ്യ കൂടിവരികയാണ്. ഇതിനകം 41 പേർ മരിച്ചതായും 40 ലേറെ പേർക്ക് പരുക്കേറ്റതായുമാണ് റിപോർട്ട്. മരിച്ചവരിൽ മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക വിവരം.

മുഴുവൻ സഹായവുമായി ആരോഗ്യവകുപ്പു രംഗത്തുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. എൻബിടിസി കമ്പനിയിലെ ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിൽ പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. ഇതേതുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ അദാൻ, ജുബൈര്‍ , മുബാറക് തുടങ്ങിയ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സംഭവ സ്ഥലം പൊലീസിന്റെ സുരക്ഷാ വലയത്തിലാണ്. ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുണ്ട്
أحدث أقدم