ന്യൂഡൽഹി : കൊടിക്കുന്നില്‍ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര സർക്കാർ.
എട്ടാം തവണയും പാർലമെന്റിലെത്തിയ കോണ്‍ഗ്രസ് എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഒഡിഷയില്‍ നിന്നുള്ള ബിജെപി എംപി ഭർതൃഹരി മഹ്താബിനെയാണ് പ്രോ ടേം സ്പീക്കറായി നിയമിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തെത്തിയിരുന്നു. പിന്നാലെയാണ് വിശദീകരണം.
പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. .പ്രതിഷേധിച്ച പ്രതിപക്ഷത്തെ മന്ത്രി വിമർശിച്ചു. കോണ്‍ഗ്രസ് ഇത്തരത്തില്‍ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഭർതൃഹരിയെ അവർ എന്തിനാണ് എതിർക്കുന്നത്. പരാജയമറിയാതെ ഏഴ് തവണ എംപിയായ വ്യക്തിയാണ് അദ്ദേഹം. കോണ്‍ഗ്രസ് മുന്നോട്ടു വച്ച കൊടിക്കുന്നില്‍ എട്ട് തവണ എംപിയായി. എന്നാല്‍ രണ്ട് തവണ പരാജയപ്പെട്ട ആളാണ്. 1998ലും, 2004ലുമാണ് അദ്ദേഹം പരാജയപ്പെട്ടതെന്നും റിജിജു ചൂണ്ടിക്കാട്ടി.
സർക്കാർ നടപടി പാർലമെന്ററി സംവിധാനത്തെ തകർക്കുന്നതാണ്. ബിജെപിയുടെ സവർണ മനോഭാവമാണ് തീരമാനത്തിനു പിന്നിലെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ബിജെപി എംപി ഭർതൃഹരി മഹ്താബിനെ 18ാം ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുർമുവാണ് നിയമിച്ചത്. പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രോ ടേം സ്പീക്കറെ സഹായിക്കാൻ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ടിആർ ബാലു, രാധാമോഹൻ സിങ്, ഫഗൻസിങ് കുലസ്തെ, സുദീപ് ബന്ധോപാധ്യായ എന്നിവരേയും രാഷ്ട്രപതി ചുമതലപ്പെടുത്തിയതായി പാർലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമാക്കിയത്.
പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗങ്ങളില്‍ ഒരാളായ കൊടിക്കുന്നില്‍ സുരേഷ് എംപി പ്രോ ടേം സ്പീക്കറാകുമെന്നായിരുന്നു പ്രതീക്ഷ. എട്ടാം തവണയാണ് കൊടിക്കുന്നില്‍ പാർലമെന്റിലെത്തുന്നത്. സമാന രീതിയില്‍ നില്‍ക്കുന്ന മറ്റൊരു എംപി ബിജെപിയുടെ വീരേന്ദ്ര കുമാറാണ്. അദ്ദേഹം നിലവില്‍ കേന്ദ്ര മന്ത്രിയാണ്. സ്വാഭാവികമായി കൊടിക്കുന്നില്‍ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഏഴാം തവണ എംപിയായ ഭർതൃഹരിയെയാണ് നിയമിച്ചത്.