ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക…യാത്രക്കാർ പെട്ടെന്നിറങ്ങിയതിനാൽ ആളപായമില്ല……



തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ വേഗത്തിൽ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരം പ്രശാന്ത് നഗർ സ്വദേശി സുരേഷ് കുമാറിന്‍റെ ഫോർഡ് കാറിനാണ് വിഴിഞ്ഞം ചപ്പാത്തിന് സമീപത്തു വെച്ച് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രണ്ട് പുരുഷൻമാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന സംഘം പുറത്തിറങ്ങുകയായിരുന്നു.  പൂവാർ ഭാഗത്ത് നിന്ന് വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്നു കാർ. പുക കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ തീപിടിത്തമുണ്ടായി. തൊട്ടടുത്ത വീട്ടിൽ നിന്ന് ഹോസ് ഉപയോഗിച്ച് വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. ഇതിനിടയിൽ കാറിന്‍റെ മുൻവശവും എൻജിൻ ഭാഗവും പൂർണ്ണമായി കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് കാറുടമ പറഞ്ഞു. 
أحدث أقدم