സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു




തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെഎസ്‌യു വ്യക്തമാക്കി. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ടെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുവെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തത്കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ല. അങ്ങനെ എന്തെങ്കിലും സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദി സജി ചെറിയാനും വി ശിവന്‍കുട്ടിയും ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാരാണെന്നും കെഎസ് യു വിമര്‍ശിച്ചു.
പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികളെ പെരുവഴിയില്‍ നിര്‍ത്താതെ ആദ്യം തുടര്‍പഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.



أحدث أقدم