ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയിൽ അന്നക്കുട്ടി (68) യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ജൂണ്‍ 5നാണ് മരുമകൻ സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കൊച്ചുമകൾ ലിയക്കും പരുക്കേറ്റിരുന്നു. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവാണ് സന്തോഷ്.
ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്‍റെയും വീടുകള്‍ക്കും പ്രതി സന്തോഷ് തീയിട്ടിരുന്നു. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കണമെന്നും, ശമ്പളം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ സന്തോഷിനെ പിന്നീട് ബോഡിമെട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രിൻസി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കാൻ സന്തോഷിനു താൽപര്യമില്ലായിരുന്നു. ജൂൺ 5ന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചെന്നും തർക്കത്തിനൊടുവിൽ ഭാര്യാ മാതാവിനെയും സഹോദരന്‍റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു