പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് രൂക്ഷമായ തര്‍ക്കം. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തർക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്.
സജിമോനെ യോഗത്തില്‍ നിന്ന് ഒഴിവാക്കി വേണം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെന്ന് ഒരു വിഭാഗം വാദിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് സജിമോനെ ഇറക്കിവിട്ടാണ് യോഗം തുടര്‍ന്നത്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഇടപെട്ടാണ് മുമ്പ് സജിമോനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍, പിന്നീട് കണ്‍ട്രോള്‍ കമ്മീക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു.യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും കുഞ്ഞിൻറെ ഡിഎൻഎ പരിശോധന സമയത്ത് ആൾമാറാട്ടം നടത്തിയ കേസിലും സജിമോൻ പ്രതിയാണ്. വനിതാ നേതാവിന്റെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസും സജിമോന്റെ പേരിലുണ്ട്.