ന്യൂഡൽഹി : എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ വസതിക്കുനേരെ ആക്രമണം. ഇന്നലെ രാത്രി ഗേറ്റിനോട് ചേർന്ന മതിലിലെ നെയിം പ്ലേറ്റിൽ അക്രമികൾ കരിഓയിൽ ഒഴിക്കുകയും ഇസ്രായേൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും ചെയ്തു. ഉവൈസിയുടെ ഡൽഹിയിലെ അശോക റോഡിലുള്ള വസതിക്ക് നേരെയായിരുന്നു ആക്രമണം. ലോക്സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം പാർലമെന്റിൽ ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉവൈസി ഉയർത്തിയത് ചർച്ചയായിരുന്നു. പിന്നാലെയാണ് ആക്രമണം.
ഇതൊന്നും കൊണ്ട് താൻ ഭയപ്പെടില്ലെന്നും, തന്റെ ഡൽഹിയിലെ വീട് എത്ര തവണയാണ് ആക്രമിക്കപ്പെട്ടതെന്നതിന്റെ എണ്ണമെടുക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയെന്ന് ഉവൈസി പ്രതികരിച്ചു.ഇത്തരം സംഭവങ്ങൾ തടയാൻ ഡൽഹി പൊലീസിന് കഴിയാതെ പോകുന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.