യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവർത്തകർ കെപിസിസിയെ സമീപിച്ചു. ഷാഫി പറമ്പിലിന് പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കുന്നതിൽ അതൃപ്തിയുള്ള നേതാക്കളാണ് കെപിസിസിയെ സമീപിച്ചത്. ഷാഫി പറമ്പില്‍ പാർലമെന്‍റിലേക്ക് വിജയിച്ച ഒഴിവില്‍ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്.
ഗ്രൂപ്പ് വാഴ്ച അനുവദിക്കില്ലെന്നാണ് നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.ഷാഫിയുടെ പിൻഗാമിയായി രാഹുൽ എത്തിയാൽ ജില്ലയിൽ എ ഗ്രൂപ്പ് ശക്തമാവുമെന്ന വിലയിരുത്തലിലാണ് ജില്ലയിലെ ഒരു വിഭാഗം. ഈ സാഹചര്യത്തിലാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കങ്ങൾക്ക് ജില്ലയിൽ നിന്നും എതിർപ്പുയരുന്നത്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം കോൺഗ്രസ് കർഷക സംഘടന നേതൃത്വത്തിന് മുന്നിൽ എത്തിച്ചതായും സൂചനയുണ്ട്.