ഉച്ചകഴിഞ്ഞ് നെടുമ്പാശ്ശേരിയിൽ നിന്ന് കാർ റാലിയായി എത്തിയശേഷം തൃശൂര്‍ സ്വരാജ് റൗണ്ടിൽ സുരേഷ് ഗോപിയെ കാൽലക്ഷം പ്രവർത്തകർ സ്വീകരിക്കും. ഒരാഴ്ച നീളുന്ന ആഘോഷ പ്രകടനങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതൃത്വം ഒരുക്കം നടത്തുന്നത്. 7 ദിവസം 7 മണ്ഡലങ്ങളിൽ ആഹ്ലാദ റാലിയും ഒരുക്കിയിട്ടുണ്ട്.
തൃശ്ശൂരിൽ സുരേഷ് ഗോപി നടത്തിയ വിജയക്കുതിപ്പിൽ ഗുരുവായൂര്‍ നിയമസഭ മണ്ഡലം മാത്രമാണ് ഇളകാതെ നിന്നത്. ഇടത് കോട്ടകളായ മണലൂരും നാട്ടികയുമടക്കം 6 മണ്ഡലങ്ങളും സുരേഷ് ഗോപിക്കൊപ്പമായിരുന്നു. ഗുരുവായൂർ മുരളീധരനൊപ്പമാണ് നിലയുറപ്പിച്ചത്. 7 ഇടത്തും ഇടത് എംഎൽഎമാരുള്ള മണ്ഡലത്തിൽ 6 ഉം ബിജെപിയ്ക്ക് ഒപ്പം നിന്നു. ഇടത് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ സ്വന്തം ബൂത്തിലും പഞ്ചായത്തിലും സുരേഷ് ഗോപിക്ക് പിന്നിലായി.