മല്ലപ്പള്ളി : ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം ഹെല്‍ത്ത് സെന്‍ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ പത്തനംതിട്ട മല്ലപ്പള്ളി വായ്പുര്‍ സ്വദേശി കെ.വി.മനോജ് (47) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് മഞ്ചേശ്വരം എസ്‌എടി സ്‌കൂളിനു സമീപം ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ഒറ്റയ്ക്കായിരുന്നു താമസം.
നാലു മാസം മുന്പ് ബദിയഡുക്കയില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്‍റിന്‍റെ ഭാഗമായി മഞ്ചേശ്വരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെത്തിയതായിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ ജോലിയ്ക്കെത്തിയിരുന്നു. തിങ്കളാഴ്ചകളില്‍ ആശുപത്രിയില്‍ നടക്കാറുള്ള അവലോകനയോഗം അവധിയായതിനാല്‍ ഇന്നലത്തേക്ക് മാറ്റിയിരുന്നു.
വിവരം അറിയിക്കാന്‍ ആശുപത്രിയില്‍നിന്ന് വിളിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഇന്നലെ വൈകുന്നേരം അഞ്ചോടെ മനോജ് താമസിക്കുന്ന മുറി തുറക്കാത്തതിനാല്‍ സംശയം തോന്നിയ സമീപവാസികള്‍ ആശുപത്രിയില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് മഞ്ചേശ്വരം പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയ്ക്കുശേഷം മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഷീല.