മീററ്റ്: വിവിധ പുരുഷൻമാരെ 'വിവാഹം' കഴിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുന്നതു പതിവാക്കിയ യുവതിയെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആറു പേരും പിടിയിലായിട്ടുണ്ട്.
വൈദ്യ പരിശോധനയിൽ യുവതി എച്ച്ഐവി പോസിറ്റിവ് ആണെന്നു തെളിഞ്ഞതോടെ, ഇവർ മുൻപ് വിവാഹം കഴിച്ചിട്ടുള്ള പുരുഷൻമാർക്കായി രണ്ടു സംസ്ഥാനങ്ങളിൽ ഊർജിതമായി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങളെങ്കിലും യുവതി വരൻമാർക്കൊപ്പം താമസിച്ചിട്ടുള്ളതിനാൽ അവരിൽ പലർക്കും എച്ച്ഐവി പകർന്നിട്ടുണ്ടാകുമെന്നാണ് സംശയം.
ഉത്തർ പ്രദേശ് കൂടാതെ, ഉത്തരാഖണ്ഡിലും യുവതി പലരെയും വിവാഹം കഴിച്ച് വഞ്ചിച്ചിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഉത്തരാഖണ്ഡിൽ കണ്ടെത്തിയ മൂന്ന് 'വരൻമാർക്ക്' എച്ച്ഐവി സ്ഥിരീകരിക്കുകയും ചെയ്തുകഴിഞ്ഞു.
യുവതിയുടെ സംഘാംഗങ്ങളാണ് ബന്ധുക്കളായി നിന്ന് വിവാഹം നടത്തിക്കൊടുത്തിരുന്നത്. ഇക്കൂട്ടത്തിൽ യുവതിയുടെ 'യഥാർഥ' അമ്മയും ഉൾപ്പെടുന്നു. പിടിയിലായ ഏഴു പേരും ഇപ്പോൾ റിമാൻഡിലാണ്. എച്ച്ഐവി സ്ഥിരീകരിച്ചതോടെ യുവതിക്ക് ചികിത്സയും ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ അഞ്ച് പേരെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസിനോട് യുവതി വെളിപ്പെടുത്തിയത്. എന്നാൽ, ഇതിൽ കൂടുതൽ പേർ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ സംശയം