'സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാല്‍ ഒന്നാം പ്രതി പിണറായി; കേരളത്തില്‍ ബിജെപിക്കുണ്ടാകുക കോഴിമുട്ടയുടെ ആകൃതി'




കോഴിക്കോട്: തൃശൂരില്‍ യുഡിഎഫ് വിജയം ഉറപ്പാണെന്ന് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാല്‍ പിണറായി വിജയനായിരിക്കും ഒന്നാം പ്രതി. തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു.

തൃശൂരിലോ നാട്ടികയിലോ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം. ബാക്കി അഞ്ചിടത്തും എല്‍ഡിഎഫ്-യുഡിഎഫ് മത്സരമാണ് നടന്നത്. ഇത്തവണ 10,92,321 വോട്ടാണ് പോള്‍ ചെയ്തിട്ടുള്ളത്. കുറഞ്ഞത് 4 ലക്ഷം വോട്ടെങ്കിലും യുഡിഎഫിന് ലഭിക്കും. കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ പ്രകാരം ഇടതുമുന്നണി രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമേ വരികയുള്ളൂ.

ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ പരമാവധി 25,000 വോട്ട് മാത്രമേ ബിജെപിക്ക് കൂടുകയുള്ളൂ. നേരത്തെ സിനിമാ താരമെന്ന പരിവേഷത്തോടെയാണ് മത്സരിച്ചതെങ്കില്‍, ഇത്തവണ സുരേഷ് ഗോപി തനി രാഷ്ട്രീയക്കാരനായി മാറി. അതിനാല്‍ രാഷ്ട്രീയമായ വോട്ടുകള്‍ മാത്രമേ ബിജെപിക്ക് ലഭിക്കുകയുള്ളൂ. യുഡിഎഫില്‍ നിന്നും വോട്ടുകളൊന്നും ചോര്‍ന്നിട്ടില്ല. എല്‍ഡിഎഫില്‍നിന്നും ക്രോസ് വോട്ട് നടന്നാല്‍ മാത്രമേ ബിജെപി രണ്ടാമത് എത്തുകയുള്ളൂ.

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. കേരളത്തില്‍ 20 ല്‍ 20 സീറ്റും വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. കേരളത്തില്‍ ബിജെപിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുക. വട്ടപ്പൂജ്യമായിരിക്കും. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുന്ന പ്രശ്‌നമില്ലെന്നും മുരളീധരന്‍ പറഞ്ഞു. 48 മണിക്കൂര്‍ കഴിയുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ പൂര്‍ണചിത്രം കിട്ടും. മോദിയ്ക്ക് കൈ കൊടുക്കാന്‍ ഒരാള്‍ പോലും ഡല്‍ഹിക്ക് പോകില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ എന്തുതന്നെ ഭാവിയില്‍ സംഭവിച്ചാലും നരേന്ദ്രമോദിക്കും ബിജെപിക്കും കേരളത്തില്‍ കാലുകുത്താന്‍ കഴിയില്ല. അതില്‍ 101 ശതമാനം ഗ്യാരണ്ടിയുണ്ട്. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ സര്‍വേ ഫലം കണ്ട് വി മുരളീധരന്‍ ബോധം കെട്ടുകാണുമെന്ന് മുരളീധരന്‍ പറഞ്ഞു. മുരളീധരനെ ബോധം കെടുത്തുന്ന സര്‍വേ റിപ്പോര്‍ട്ടാണിത്. അദ്ദേഹം പോലും ജയം പ്രതീക്ഷിച്ചിട്ടില്ല. തെരഞ്ഞെടുപ്പിനു ശേഷം ജയിക്കുമെന്ന് വി മുരളീധരന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
أحدث أقدم