ഒറ്റപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം…അഞ്ചംഗ സംഘത്തിന്‍റെ കയ്യില്‍ നിന്ന് ഓടി രക്ഷപ്പെട്ട് യുവാവ്




പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വീട്ടിൽ നിന്ന് ബൈക്കിൽ പുറത്തിറങ്ങിയതാണ് അമ്പലപ്പാറ സ്വദേശി സന്തോഷ്. ഒരൽപം മുന്നോട്ട് നീങ്ങിയതും സ്കോർപ്പിയോ കാർ സന്തോഷിൻ്റെ ഇരുചക്രവാഹനത്തിന് കുറുകെ നിർത്തി. കാറിൽ എത്തിയ സംഘം സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി വണ്ടിയിൽ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് സന്തോഷ് പറയുന്നു.

സന്തോഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഇവർ ആരാണെന്നോ എന്താണ് ഉദേശ്യമെന്നോ അറിയില്ലെന്നാണ് സന്തോഷ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ കാർ പ്രദേശത്ത് കറങ്ങി നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. സന്തോഷും ഈ സംഘവും തമ്മിൽ എന്തെങ്കിലും മുൻപരിചയം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്
أحدث أقدم