മുംബൈ: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വിരൽ ഫാക്ടറി ജീവനക്കാരന്റെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് പൊലീസ് അറിയിച്ചു. ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ വിരലാണ് ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ചത്. ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ അപകടത്തിലാണ് ജീവനക്കാരന്റെ വിരല്‍ നഷ്ടപ്പെട്ടത്. ഐസ്‌ക്രീം നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.
ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത കോണ്‍ ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരലിന്റെ കഷ്ണം കിട്ടിയെന്ന പരാതിയുമായി മുംബൈ സ്വദേശിയായ യുവ ഡോക്ടറാണ് രംഗത്ത് എത്തിയത്. ഡെലിവറി ആപ്പിലൂടെ മൂന്ന് ബട്ടര്‍സ്‌കോച്ച് കോണ്‍ ഐസ്‌ക്രീമുകളായിരുന്നു ഓർഡർ ചെയ്തത്. കഴിച്ച് കൊണ്ടിരുന്ന സമയത്താണ് ശക്തിയായി എന്തോ നാവില്‍ തട്ടിയത്. അത് പുറത്തെടുത്തു നോക്കിയപ്പോൽ കണ്ടത് മനുഷ്യന്റെ രണ്ട് സെന്റീമീറ്ററോളം നീളമുള്ള ഒരു വിരലിന്റെ കഷ്ണമായിരുന്നു. ഉടന്‍ തന്ന വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
ഡോക്ടറായതിനാല്‍ ശരീരഭാഗങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് അറിയാമെന്നാണ് യുവ ഡോക്ടർ പറഞ്ഞു.
സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ അതിനിടയിലെ നഖങ്ങളും വിരലടയാളവും ശ്രദ്ധിച്ചപ്പോള്‍ അത് ഒരു തള്ളവിരലിനോട് സാമ്യമുള്ളതാണെന്ന് മനസ്സിലായെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു.