‘ഇടതുപക്ഷം മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിച്ചു, ക്രിസ്ത്യാനികൾക്ക് പോലും സിപിഎമ്മിനോട് വിരോധമുണ്ടായി, പലസ്തീൻ വിഷയം സിപിഐഎം ഏറ്റെടുത്ത് എന്തിനാണ്?’ വെള്ളാപ്പള്ളി



ആലപ്പുഴ: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും വിജയിക്കുന്ന രീതിയാണ് കുറേനാളായി കാണുന്നത്. സുരേഷ് ഗോപി വിജയിക്കുമെന്ന് വ്യക്തിപരമായി പ്രതീക്ഷിച്ചില്ല. ഈഴവരാദി പിന്നാക്കക്കാരുടെ വോട്ടുകള്‍ ഇടതിന് നഷ്ടപ്പെട്ടു. ഇടതിന്റെ ജനകീയ അടിത്തറ ഈഴവരാദി പിന്നാക്കങ്ങളാണ്. മുസ്ലിം പ്രീണനമാണ് നടന്നത്. മുസ്ലിം പ്രീണനം കൂടിയപ്പോള്‍ ക്രിസ്ത്യാനികളും പോയി. വോട്ട് വന്നപ്പോള്‍ കാന്തപുരം പോലും ഇടതുപക്ഷത്തില്ല.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജുണ്ടോ? ഉള്ളവര്‍ക്ക് പിന്നെയും പിന്നെയും കൊടുക്കുന്നു. ഇല്ലാത്തവര്‍ക്ക് ഒന്നുമില്ല. ക്ഷേമ പെന്‍ഷനില്ല, മാവേലി സ്റ്റോറില്‍ സാധനങ്ങളില്ല. പാര്‍ട്ടിയില്‍ പിന്നാക്കക്കാരന് അവഗണനയാണ്. ന്യൂനപക്ഷമാണെങ്കില്‍ ഉടന്‍ എല്‍സി സെക്രട്ടറിയും എംഎല്‍എയുമാണ്. ആലപ്പുഴയില്‍ പോലും ഈഴവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണനയില്ല. ഇവിടെ ഇല്ലെങ്കില്‍ എവിടെയാണ് ലഭിക്കുക? ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായി. ആരിഫിനെ നിര്‍ത്താന്‍ പാടില്ലായിരുന്നു.

പാര്‍ട്ടി അണികള്‍ക്ക് ആരിഫിനെ സ്വീകാര്യമല്ലായിരുന്നു. മുകളില്‍ ആരിഫിന് സ്വാധീനം കാണും പക്ഷെ താഴെയില്ല. ആരിഫിനെ മത്സരിപ്പിക്കരുതെന്ന് പറഞ്ഞതാണ്. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും പിണറായിയുടെ തലയില്‍ വെക്കരുത്. പിണറായിക്ക് ഒരു ഭാഷാ ശൈലിയുണ്ട്. വാക്കുകൊണ്ട് രാഷ്ട്രീയം മാറി മറിഞ്ഞെന്ന് കരുതരുതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന. പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നു. മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീംങ്ങൾക്ക് ചോദിക്കുന്നതെല്ലാം നൽകി. ഈഴവർക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവർ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവർക്ക് നീതി കിട്ടുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന. ക്രിസ്ത്യാനികൾക്ക് പോലും സിപിഐഎമ്മിനോട് വിരോധം ഉണ്ടായി. ന്യൂനപക്ഷക്കാരന് മാത്രം സിപിഎം എല്ലാ പദവിയും അവസരവും നൽകുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിരുന്നു.
أحدث أقدم