മലയാളി പ്രേക്ഷകര്‍ കാത്തിരുന്ന ആ ഫിനാലെയില്‍ വിജയ്‍യായി ജിന്റോയെയാണ് പ്രഖ്യാപിച്ചത്. നാടകീയമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ വര്‍ണാഭമായ ഫിനാലെയില്‍ ജിന്റോയുടെ കൈ മോഹൻലാല്‍ പിടിച്ചുയര്‍ത്തുകയായിരുന്നു. ബിഗ് ബോസ് മലയാളം സിക്സ് തുടങ്ങുമ്പോള്‍ അത്ര പരിചിതനായ മത്സരാര്‍ഥിയായിരുന്നില്ല ജിന്റോ. സെലിബ്രിറ്റികളുടെ ഫിറ്റ്‍നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോൾ ജിന്റോയ്‍ക്കുണ്ടായി രുന്നത്. എന്നാല്‍ പതിയെപ്പതിയെ ജിന്റോ പ്രേക്ഷകര്‍ക്ക് ഷോയിലൂടെ പ്രിയങ്കരനാകുകയായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്താലാണ് വിജയ കിരീടം ചൂടുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ജിന്റോയ്‍ക്ക് പുറമേ ആറിലെ ടോപ് ഫൈനലില്‍ അര്‍ജുനും ജാസ്‍മിനും അഭിഷേകും ഋഷിയുമാണുണ്ടായത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് ജിന്റോ ഷോയുടെ ജേതാവാകുന്നത്. എതിരാളികളെ നിഷ്‍പ്രഭമാക്കി ജിന്റോ മുന്നേറിയപ്പോള്‍ ഷോയില്‍ അത് അവിസ്‍മരണീയമായ ഒരു മുഹൂര്‍ത്തമായിരിക്കുകയാണ്.
പവര്‍ റൂം അവതരിപ്പിച്ചതും ഇത്തവണത്തെ ഷോയുടെ മാറി നടത്തമായി. പത്തൊമ്പത് മത്സരാര്‍ഥികള്‍ ഇത്തവണ ഷോയിലേക്ക് ആദ്യം എത്തിയത്. പിന്നീട് ആറ് പേര്‍ ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയതും വേറിട്ടതായി. ഗെയിം മാറിമറിയാനും അത് കാരണമായി. എന്തായാലും പുതിയ ജേതാവിനെ തെരഞ്ഞെടുത്ത് അവസാനിച്ചിരിക്കുകയാണ് ബിഗ് ബോസ്.