ആര് ഭരിക്കും?, ജനവിധി അറിയാൻ ഇനി ഒരു ദിവസം മാത്രം...





ന്യൂഡൽഹി: രാജ്യം ആരു ഭരിക്കണമെന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളുമാണ് എണ്ണുക. വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

ഏഴു ഘട്ടമായിട്ടാണ് പാർലമെന്റിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയാക്കിയത്. വോട്ടെണ്ണലിൽ ജാഗ്രത ഉറപ്പാക്കണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന ഘടകങ്ങളോട് നിർദേശിച്ചു. പാർട്ടിയുടെ മുഴുവൻ സ്ഥാനാർഥികളുമായും സംസ്ഥാന അധ്യക്ഷന്മാരടക്കം മുതിർന്ന നേതാക്കളുടെയും വെർച്വൽ യോഗം വിളിച്ചാണ് നിർദേശം നൽകിയത്. വോട്ടെണ്ണലില്‍ സുതാര്യത വേണമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആവശ്യപ്പെട്ടിരുന്നു.

ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും സ്ഥാനാർഥികളും. അതേസമയം, രാജ്യത്ത് വീണ്ടും മോദി തരംഗമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങൾ പ്രവചിക്കുന്നത്. എന്‍ഡിഎ മൂന്നാമതും അധികാരത്തിലെത്തുമെന്നും, ബിജെപി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും ഭൂരിപക്ഷം സര്‍വേകളും പറയുന്നു. ഇന്ത്യ സഖ്യം ഇരുനൂറ് കടക്കില്ലെന്നും എന്നാൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച നേട്ടം കൈവരിക്കാനാകുമെന്നുമാണ് സർവേകൾ പ്രവചിക്കുന്നത്.
أحدث أقدم