കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ പതിനയ്യായിരം ഡോളർ ധനസഹായം നല്‍കും



കു
വൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15000 ഡോളര്‍ അതായത് 12,50,000 രൂപ വീതം സഹായധനമായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തുക മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്തിലെ കമ്പനിയും മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുവൈത്ത് ഭരണകൂടത്തിന്റെ പ്രഖ്യാപനം.

കുവൈത്തില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ 24 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 3 ഫിലിപ്പീനോകളും ഉൾപ്പെടെ 49 പേരാണ് മരണമടഞ്ഞത്. ഒരാളുടെ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.
أحدث أقدم