കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവരെ കണ്ടു, കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി.ദുരന്തത്തിലിരയായവരുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്.
വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയർബേസിൽ തയാറാക്കിയത്. മൃതേദേഹങ്ങൾ ഈ വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുക. നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് തന്നെ തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനാണ് ശ്രമം.അതേസമയം മൃതദേഹങ്ങളിൽ ചിലത് കത്തിക്കരിഞ്ഞ നിലയിലാണ്, ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഈ മൃതദേഹങ്ങൾ വിട്ടു നൽകു എന്നതിനാൽ കാലതാമസമുണ്ടായേക്കുമെന്ന് വിദേശ കാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കി.അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കരാണെന്നാണ് റിപ്പോർട്ടുകൾ.