പന്തീരങ്കാവ് കേസ്; പരാതിക്കാരി കൊച്ചിയിൽ തിരികെ എത്തി; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പൊലീസ്



കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30ന് കൊച്ചി വിമാനത്തവളത്തിൽ തിരികെ എത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടി. വടക്കേക്കര പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

യൂട്യൂബിൽ മൂന്നാം വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് യുവതി കൊച്ചിയിലേക്ക് തിരികെ എത്തിയത്. അവസാന വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ രാജ്യം വിട്ടിട്ടില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം.

കഴിഞ്ഞ ഏഴാം തിയതിയാണ് യുവതി അവസാനമായി ഓഫിസിൽ എത്തിയത്. ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വിഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നാണ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പിന്നാലെയാണ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരനും പിതാവും രംഗത്തെത്തിയത്. യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന്‍ പറഞ്ഞു.

അതിനിടെ താന്‍ സുരക്ഷിതയാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുവതി വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സമ്മര്‍ദം കൊണ്ടാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എന്നുമാണ് യുവതി പറഞ്ഞത്. താന്‍ പരാതി നല്‍കാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കള്‍ ആശയക്കുഴപ്പം ഉണ്ടാക്കി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണെന്നും അത് മര്‍ദനമേറ്റതിന്റെതല്ലെന്നും യുവതി പറഞ്ഞു.


أحدث أقدم