വിറങ്ങലിച്ച് വയനാട്; മരണം 135; ഇരുന്നൂറിലേറെ പേരെ കാണാനില്ല; തിരച്ചില്‍ പുനരാരംഭിച്ചു





കല്‍പ്പറ്റ: വയനാട്ടിലുണ്ടായ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 135 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം സൈന്യം രണ്ടാംദിനമായ ഇന്ന് രാവിലെ ആരംഭിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തിരച്ചില്‍ നടത്താന്‍ കൂടുതല്‍ സൈന്യം രംഗത്തെത്തി. ചൂരല്‍മലയില്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരിച്ചല്‍ നടത്തുന്നത്. അഗ്നിശമനസേനാംഗങ്ങളും തിരച്ചില്‍ നടത്തും.

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്കും തിരച്ചിലിനായി രാവിലെ സൈന്യമെത്തും. മുണ്ടക്കൈയില്‍ കുടുങ്ങിയ ഏതാണ്ട് അഞ്ഞൂറോളം പേരെ താല്‍ക്കാലിക പാലമുണ്ടാക്കി സൈന്യം രക്ഷപ്പെടുത്തി. ഹാരിസണ്‍ പ്ലാന്റേഷനില്‍ കുടുങ്ങിയ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ 200 ലേറെ വീടുകള്‍ മലവെള്ളപ്പാച്ചില്‍ ഒലിച്ചുപോയി.

തിരച്ചിലിനു സഹായിക്കാന്‍ മറ്റു ജില്ലകളില്‍നിന്നു പൊലീസ് ഡ്രോണുകള്‍ ഇന്നെത്തിക്കും. മെറ്റല്‍ ഡിറ്റക്റ്ററുകളുമെത്തും. മൃതദേഹങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ പൊലീസ് നായ്ക്കളെയും എത്തിക്കും. സൈന്യത്തിന്റെ നായ്ക്കളെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ബംഗളൂരുവില്‍നിന്നു കരസേനാവിഭാഗവും ഇന്നെത്തും.

നിരവധിപേര്‍ ഇനിയും ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. ഇതുവരെ 129 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. രാപകല്‍ ഭേദമില്ലാതെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. പരിക്കേറ്റ 200 ലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
أحدث أقدم