തിരുവനന്തപുരം: 5 വയസില്‍ താഴെയുള്ള നവജാത ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്‍റോള്‍മെന്‍റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാല്‍ എൻറോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം.
അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 7 വയസ്സിനുള്ളിലും, 15 വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം 100 രൂപ നിരക്ക് ഈടാക്കും. സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. കേരളത്തില്‍ ആധാറിന്‍റെ നോഡല്‍ ഏജന്‍സിയായി കേരള സംസ്ഥാന ഐടി മിഷനെയാണ് സംസ്ഥാന സര്‍ക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്.