മാന്നാറിൽ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവിശിഷ്ടം കണ്ടെത്തി; കലയുടേതാണെന്ന് ഉറപ്പിക്കാൻ ഫോറന്‍സിക് പരിശോധന




മാവേലിക്കര : മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി.മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല എന്ന യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്.അതേസമയം അവശിഷ്ടങ്ങൾ കലയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു .

സംഭവത്തിൽ അഞ്ചുപേർ പോലീസ് കസ്റ്റഡിയിലുണ്ട്.സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. കല മറ്റൊരാൾക്കൊപ്പം പോയെന്നായിരുന്നു കാണാതായ ശേഷം അനിലും പറഞ്ഞിരുന്നത്. എന്നാൽ കൊലപാതകമാണെന്ന വെളിപ്പെടുത്തൽ വന്നതോടെയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട കുഴിക്കലിന് ഒടുവിലാണ് മൃതദേഹാവിശിഷ്ടം കണ്ടെത്തിയത്.

കല കൊല്ലപ്പെട്ടതായുള്ള സൂചന നല്‍കുന്ന ഊമക്കത്ത് പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലയെ കൊന്ന് കുഴിച്ചുമൂടിയതായുള്ള മൊഴി ലഭിച്ചത്. 

പ്രതികള്‍ ചേര്‍ന്ന് കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷമാണ് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയത് എന്നാണ് മൊഴിയില്‍ പറയുന്നത്. മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കാനായിരുന്നു സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തിയത്.
أحدث أقدم