ഇരുചക്ര വാഹനത്തിലിരിക്കുന്നവർ പരസ്പരം സംസാരിച്ചാൽ ഇനി പിഴ നൽകേണ്ടി വരും !



തിരുവനന്തപുരം : ബൈക്കിനുപിന്നിൽ ഇരിക്കുന്ന ആളിനോട് ഒരുകാരണവശാലും സംസാരിക്കരുത്. സംസാരിച്ചാൽ ബൈക്കുടമ പിഴകൊടുക്കേണ്ടി വരും 
ഇരുചക്രവാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിൽ ഇരിക്കുന്ന ആൾ സംസാരിച്ചാൽ പിഴ ഉൾപ്പടെയുള്ള നടപടിക്ക് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം.
ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെൽമറ്റ് ധരിച്ച് സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം.

ഇങ്ങനെ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കാമെന്ന് എല്ലാ ആർടിഒമാർക്കും അയച്ച സർക്കുലറിൽ ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ കെ മനോജ് കുമാർ നിർദ്ദേശിച്ചു.

എന്നാൽ, ഇത് എങ്ങനെ നടപ്പാക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് ഉദ്യോഗസ്ഥർ.

വാഹനങ്ങളിൽ ചട്ടവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

വാഹനങ്ങളിലെ ഹോൺ നാട്ടുകാരുടെ ചെവിയിൽ അടിക്കാനുള്ളതല്ല. നാലു ഹോണുകൾ വരെ ഘടിപ്പിച്ച വാഹനങ്ങളുണ്ട്.

നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിരത്തിലിറങ്ങാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.

കസ്റ്റംസ്, സെൻട്രൽ എക്‌സൈസ്, ആദായനികുതി ഉദ്യോഗസ്ഥരടക്കം നിയമവിരുദ്ധമായി സർക്കാർ മുദ്രകളും ബോർഡുകളും വാഹനങ്ങളിൽ സ്ഥാപിക്കുന്നുണ്ട്.
എറണാകുളത്ത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സെക്രട്ടറിമാരാണ് നിയമലംഘനം നടത്തുന്നത്.
എമർജൻസി വാഹനങ്ങളായാലും അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കേണ്ടതാണ് ഫ്‌ളാഷ് ലൈറ്റ്. ശബരിമലയടക്കമുള്ള തിരക്കേറിയ സ്ഥലങ്ങളിലും ഇതെല്ലാം സങ്കീർണതകൾ സൃഷ്ടിക്കുന്നു. ഇതിന് സ്ഥിരമായ പരിഹാരം ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.


أحدث أقدم