സൗദി എയര്‍ലൈന്‍സ് വിമാനത്തിന് ലാന്‍ഡിങ്ങിനിടെ തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍






ഇസ്ലാമാബാദ് : റിയാദില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനിലെ പെഷവാര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചു. വിമാനം ലാന്‍ഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറില്‍ നിന്ന് പുക ഉയര്‍ന്നത്. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എമര്‍ജന്‍സി വാതിലില്‍ കൂടി യാത്രക്കാരെ പുറത്തിറക്കി. 276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. റിയാദില്‍ നിന്ന് പെഷവാറിലേക്ക് പറന്ന എസ് വി 792 വിമാനം പാകിസ്ഥാനിലെ പെഷവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ടയറുകളില്‍ ഒന്നില്‍ നിന്ന് പുക ഉയര്‍ന്നതായി എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ഇടത് വശത്തുള്ള ലാന്‍ഡിങ് ഗിയറില്‍ നിന്ന് പുകയും തീപ്പൊരിയും വരുന്നത് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കണ്ടെത്തുകയും ഉടന്‍ പൈലറ്റുമാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം എത്തി തീ കെടുത്തി. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ഊതിവീര്‍പ്പിച്ച സ്ലൈഡ് ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
أحدث أقدم