പത്തു കോടി പൂഴ്ത്തിവെച്ച് ജനത്തെ ബുദ്ധിമുട്ടിക്കുന്നു. പാമ്പാടിയിൽ പ്രതിപക്ഷത്തിന്റെ വോക്കൗട്ടും ധർണയും. ധർണ്ണ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സിജു കെ ഐസക്ക് ഉദ്ഘാടനം ചെയ്തു.



 പാമ്പാടി കെട്ടിട നികുതി, തൊഴിൽകരം, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് എന്നിവ പതിന്മടങ്ങ് വർദ്ധിപ്പിച്ച് ജനങ്ങളെ കുത്തിപ്പിഴിഞ്ഞുണ്ടാക്കി യ പത്തു കോടിയോളം രൂപ പൂഴ്ത്തി വെച്ചിരിക്കുന്നത് പഞ്ചായത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം ഇന്ന് പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ചു


. തുടർന്ന് പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ്ണ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സിജു കെ ഐസക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനങ്ങൾ ഭരണസമിതിയെ പ്രാകുകയും, പാമ്പാടിയിലുള്ള വീടുകളിലേക്ക് ബന്ധുക്കൾ പോലും സന്ദർശനം ഉപേക്ഷിക്കുകയും, വരുന്നവരുടെ മുൻപിൽ വീട്ടുകാർ മാനം കെടുകയും, ബസ്സിറങ്ങിയാൽ പഞ്ചായത്ത് റോഡുകളിലേക്ക് ഓട്ടം വിളിക്കാതിരിക്കുവാൻ ഓട്ടോറിക്ഷക്കാർ പാത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് പാമ്പാടി ഗ്രാമപഞ്ചായത്തിലെ റോഡുകൾ മാറിയെന്ന്  ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സിജു പറഞ്ഞു. താൻ അടക്കമുള്ളവർ 20 വർഷങ്ങൾക്കു മുമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ ആയിരിക്കുമ്പോൾ പോലും ഒരു ഗ്രാമപഞ്ചായത്ത് വാർഡിലേക്ക് 10 ലക്ഷം രൂപയ്ക്ക് മുകളിൽ റോഡ് വികസനത്തിന് മാത്രമായി ഫണ്ട് അനുവദിച്ചിരുന്നുവെങ്കിൽ   നാലര ലക്ഷം രൂപ മാത്രമാണ് ഒരു വാർഡിലേക്ക് 2023-24 ബഡ്ജറ്റിൽ അനുവദിച്ചത്. 20 വർഷത്തിനു മുൻപ്  ഒരു ലക്ഷം രൂപയ്ക്ക് മൂന്നു മീറ്റർ വീതിയിൽ 43 മീറ്റർ നീളത്തിൽ മൂന്നിഞ്ച് കനത്തിൽ റോഡ് കോൺക്രീറ്റ് ചെയ്യുമായിരുന്നുവെങ്കിൽ ഇന്ന് ഒരു ലക്ഷം രൂപയ്ക്ക് ചെയ്യുന്നത് 20 മീറ്റർ മാത്രം. മുൻപുണ്ടായിരുന്ന എല്ലാ കോൺഗ്രസ് ഭരണസമിതികളും  അഞ്ചു മുതൽ 10 ലക്ഷം രൂപ വരെ ഓരോ വാർഡിലേക്കും തനത് ഫണ്ടിൽ നിന്നും വികസന പ്രവർത്തനങ്ങൾക്ക്  നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 40%ത്തിലധികം പദ്ധതികൾ സ്പില്ലോവറായി എങ്കിലും തന്നാണ്ട് ബജറ്റിൽ ആ പദ്ധതികൾക്കുള്ള തുക വക കൊള്ളിച്ചിട്ടില്ല. സമീപത്തെ ചെറിയ പഞ്ചായത്തുകളിൽ പോലും ഒരു വാർഡിൽ 20- 25 ലക്ഷം രൂപ വികസന പ്രവർത്തനങ്ങൾക്കായി ലഭിച്ചപ്പോൾ സമയബന്ധിതമായി പണികൾ പൂർത്തിയാക്കാതിരുന്നതിനാൽ പാമ്പാടി പഞ്ചായത്തിന് ലോക ബാങ്ക് സഹായവും ധനകാര്യ കമ്മീഷൻ ഗ്രാന്റും മെയിന്റനൻസ് ഗ്രാന്റും നഷ്ടപ്പെട്ടു. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തനത് ഫണ്ട് ചെലവഴിക്കുവാൻ തയ്യാറാകാത്ത പഞ്ചായത്ത് ഭരണസമിതി സംസ്ഥാന സർക്കാരിന്റെ കേരളീയത്തിനും, നവകേരള സദസ്സിനും ലോഭം കൂടാതെ വാരിക്കോരി നൽകുന്നുണ്ട് എന്നത് വിരോധാഭാസമാണ്. നവകേരള സദസുമായി പാമ്പാടിയിൽ എത്തിയ മുഖ്യൻ ജലനിധി പദ്ധതി പ്രകാരം പൈപ്പിടുന്നതിനു വെട്ടിക്കുഴിച്ച റോഡുകളുടെ പുനരുദ്ധാരണത്തിന്  9 കോടി അനുവദിച്ചു എന്നു പറഞ്ഞുകൊണ്ട് പത്രവാർത്തകൾ നൽകിയവർക്കും സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരണം നടത്തിയവർക്കും ഇപ്പോൾ മിണ്ടാട്ടമില്ല. 

വാട്ടർ അതോറിറ്റി ഇക്കാര്യത്തിനായി അനുവദിച്ച പണവും വിനിയോഗിക്കപ്പെടുന്നില്ല. പാർട്ടി ഓഫീസുകളിൽ നിന്നും നൽകുന്ന തിട്ടൂരത്തിന് അനുസരിച്ചേ പഞ്ചായത്തിലെ ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം വിനിയോഗിക്കുകയുള്ളൂ എന്ന ധാർഷ്ട്യം അംഗീകരിക്കാൻ ആവില്ല  എന്ന് പ്രതിപക്ഷ നേതാവ് സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു. പഞ്ചായത്ത്പ്രതിപക്ഷ മെമ്പർമാരായ സുജാത ശശീന്ദ്രൻ,പി.എസ് ഉഷാകുമാരി, ഏലിയാമ്മ ആന്റണി, അച്ചാമ്മ തോമസ് എന്നിവരാണ് സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ സഭ ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനു മുൻപിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചത്.
أحدث أقدم