''നിങ്ങള്‍ എനിക്കു പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും''




പാലക്കാട്: ''നിങ്ങള്‍ എനിക്കു പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും''- ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രഖ്യാപനം. യോഗ്യരായ സ്ഥാനാര്‍ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട്ടെയും മറ്റു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്ക് വിജയം ആഘോഷിക്കാന്‍ താന്‍ ഒപ്പമുണ്ടാവുമെന്നും തനിക്കും ജോര്‍ജ് കുര്യനും പാലക്കാട്ട് ബിജെപി നല്‍കിയ സ്വീകരണ പരിപാടിയില്‍ സുരേഷ് ഗോപി പറഞ്ഞു.

''തൃശൂര്‍ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂര്‍ എനിക്ക് തരണം എന്നാണ് ഞാന്‍ പറഞ്ഞത്. അതിനുശേഷമാണ് തൃശൂര്‍ ഞാന്‍ എടുക്കുവാ എന്ന് പറഞ്ഞത്. നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും.''- സുരേഷ് ഗോപി പറഞ്ഞു.

അടുത്ത നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഉപതിരഞ്ഞെടുപ്പുകള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ഇപ്പോഴേ തുടങ്ങണം. തൃശൂരിലെ വിജയം ഒരു തുടക്കം പോലുമല്ല. വലിയ തുടക്കത്തിനുള്ള ചിന്തയുടെ തിരിനാളം തെളിയിച്ചിരിക്കുകയാണ് തൃശൂരില്‍. പ്രവര്‍ത്തകരോടൊപ്പം ഒന്നരവര്‍ഷത്തോളം ഞാന്‍ തൃശൂരില്‍ സഞ്ചരിച്ചു. മുന്‍കാലങ്ങളില്‍നിന്ന് മാറിയ പ്രവര്‍ത്തനശൈലി ആവിഷ്‌കരിച്ചു. ആ ആവിഷ്‌കാര രീതിയില്‍ ജനങ്ങളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞു-സുരേഷ് ഗോപി പറഞ്ഞു.

''പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ആയിരക്കണക്കിന് പേരാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നും ജില്ലകളില്‍നിന്നും തൃശൂരിലേക്ക് പ്രചാരണത്തിനായി വന്നത്. തൃശൂരില്‍ ഒരു തിരിനാളം തെളിയിക്കാന്‍ നമുക്ക് സാധിച്ചു. ഒരുപാടെണ്ണം തെളിയിക്കാന്‍ കഴിയും. അതിന് ശക്തമായ പ്രവര്‍ത്തനം വേണം. കേരള നിയമസഭയിലേക്ക് പോകുന്ന തിരിനാളങ്ങള്‍ പാലക്കാടുനിന്നും ചേലക്കരയില്‍നിന്നും ഉറപ്പു വരുത്തണം. 27 പേര്‍ നിയമസഭയില്‍ ബിജെപിക്കായി വരണം. ആരു ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയണം'' - സുരേഷ് ഗോപി പറഞ്ഞു.
أحدث أقدم