പാമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ധാർഷ്ട്യത്തിനെതിരെ പ്രതിപക്ഷ വോക്ക്ഔട്ട്



ഭരണസമിതിയുടെ ധാർഷ്ട്യത്തിനെതിരെ പ്രതിപക്ഷ വോക്ക്ഔട്ട് : പാമ്പാടി ഗ്രാമപഞ്ചായത്തിലെ 7 പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസിൽപ്രകാരം വിളിച്ച അടിയന്തിര ഗ്രാമപഞ്ചായത്ത് കമ്മറ്റി കയ്യാങ്കളിയുടെ വാക്കോളം എത്തി കലാശിച്ചു. ഭരണ പ്രതിപക്ഷ അംഗങ്ങൾ മണിക്കൂറുകളോളം  നേർക്കുനേർ നിന്ന് പോർവിളിച്ചു. 
'പ്രതിപക്ഷ വനിത അംഗങ്ങളായ പി. എസ്. ഉഷാകുമാരിയെയും ഏലിയാമ്മ ആന്റണിയെയും പ്രതിപക്ഷ പുരുഷ മെമ്പർമാർ വലയം തീർത്താണ്  ഭരണപക്ഷത്തിന്റെ കയ്യേറ്റത്തിൽ നിന്നും രക്ഷിച്ചത്. പൊതുവേ താറുമാറായി കിടന്ന പാമ്പാടി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ജലനിധി പൈപ്പിടലിനുള്ള ട്രഞ്ച് വെട്ടൽ  കൂടി കഴിഞ്ഞതോടെ കാൽനടയ്ക്ക് പോലും പറ്റാത്തതായി. നവ കേരള സദസ്സിൽ മുഖ്യമന്ത്രി അനുവദിച്ചെന്നു പറയുന്ന ഒൻപതു കോടി 35 ലക്ഷത്തിന്റെ കണക്കുമായി പത്രത്തിലും സാമൂഹിക മാധ്യമങ്ങളിലും ഭരണപക്ഷം  നിറയുമ്പോൾ, പൈപ്പിടുന്നതിനായി വെട്ടിക്കുഴിച്ച ഭാഗങ്ങൾ പൂർവസ്ഥിതിയിൽ ആക്കുവാൻ വാട്ടർ അതോറിറ്റി അനുവദിച്ചതെന്ന് പ്രതിപക്ഷം. രണ്ടായാലും പണി നടന്നില്ലെന്ന് നാട്ടുകാർ. സാമ്പത്തികമായി സ്വയം പര്യാപ്തതയുള്ള  എ ഗ്രേഡ് പഞ്ചായത്തിൽ കഴിഞ്ഞ എല്ലാ ഭരണസമിതികളും റോഡ് പുനരുദ്ധാരണത്തിനും വികസന പ്രവർത്തനങ്ങൾക്കും തനത് ഫണ്ട് വിനിയോഗിച്ചിട്ടുണ്ട് എന്നും ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത  ഏഴു കോടിയിലധികം രൂപ പാമ്പാടി ഗ്രാമപഞ്ചായത്തിന് നിക്ഷേപമായി നിലവിൽ ഉണ്ടെന്നും പ്രതിപക്ഷം പറയുന്നു. ഓരോ വാർഡിലെയും റോഡ് പുനരുദ്ധാരണത്തിന് 20 ലക്ഷം രൂപ വീതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര കമ്മറ്റിക്ക് നോട്ടീസ് നൽകിയത്. ഒരു രൂപ പോലും തനത് ഫണ്ടിൽ നിന്നും  അനുവദിക്കുവാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറായില്ല. കേരളീയത്തിനും മാനവീയത്തിനും നവകേരള സദസ്സിനും സർക്കാരും പാർട്ടിയും ആവശ്യപ്പെടുന്നതിന്റെ ഇരട്ടി കൊടുക്കുവാൻ മടി കാണിക്കാത്ത പഞ്ചായത്ത് ഭരണസമിതിയാണ് പാമ്പാടിയിലെ ജനങ്ങളിൽനിന്നും നികുതി നികുതിയേതര വരുമാനമായി പിരിച്ചെടുത്ത പണം പാമ്പാടിയിലെ ജനങ്ങൾക്കായി വിനിയോഗിക്കുന്നതിന് മടി കാണിക്കുന്നത്. ജനപക്ഷത്തു നിന്ന്  പാമ്പാടിയിലെ റോഡുകളുടെ ദാരുണാവസ്ഥ മനസ്സിലാക്കി അടിയന്തര കമ്മറ്റി വിളിക്കുവാൻ നോട്ടീസ് നൽകിയ  തങ്ങളുടെ ആവശ്യം തൃണവൽഗണിച്ച ഭരണസമിതി തങ്ങളോടല്ല പാമ്പാടിയിലെ ജനങ്ങളോടാണ് വെല്ലുവിളിക്കുന്നതെന്ന്  വോക്കൗട്ടിനു നേതൃത്വം നൽകിക്കൊണ്ട് പ്രതിപക്ഷ നേതാവ്  സെബാസ്റ്റ്യൻ ജോസഫ് പറഞ്ഞു. ജനങ്ങളിൽ നിന്നും പിരിക്കുന്ന ഫീസുകളും കരങ്ങളും പത്തിരട്ടിയാക്കുകയും ജനങ്ങൾക്ക് കൊടുക്കുന്ന സേവനം പത്തിലൊന്നായി കുറയ്ക്കുകയും ചെയ്ത ഗവൺമെന്റ് ആണ് അധികാരത്തിൽ ഇരിക്കുന്നത് എന്ന്  ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് സിജു.കെ ഐസക്ക് പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമസഭകൾ പ്രഹസനമാണെന്നും പാർട്ടി ഓഫീസുകളിൽ നിന്നുള്ള കത്തുകൾ കൂടിവെച്ചു കൊടുത്താലേ  കാര്യം നടക്കൂ എന്ന അവസ്ഥയായി പാമ്പാടിയിൽ എന്നും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മാത്തച്ചൻ പാമ്പാടി പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനീഷ് ഗ്രാമറ്റം, സുജാത ശശീന്ദ്രൻ, ഉഷാകുമാരി പി. എസ്,ഏലിയാമ്മ ആന്റണി,  അച്ചാമ്മ തോമസ് , മേരിക്കുട്ടി മർക്കോസ്, കോൺഗ്രസ് നേതാക്കളായ വി.എസ് ഗോപാലകൃഷ്ണൻ ജോർജ് പാമ്പാടി എന്നിവർ പ്രസംഗിച്ചു.
أحدث أقدم