രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം.ഹിന്ദു സ്ത്രീയെ പരിക്കേൽപ്പിച്ചെന്നാരോപിച്ച് പള്ളി ഇമാമിനെ തല്ലിക്കൊന്നു.ഝാർഖണ്ഡിലെ കൊഡർമ ജില്ലയിൽനിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് മരിച്ചത്.ജൂൺ 30ന് ഷഹാബുദ്ദീൻ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ഗൗത്താരികാര്യ എന്ന സ്ഥലത്തുവെച്ചാണ് സംഭവം. ഈ സമയം അനിതാ ദേവി എന്ന സ്ത്രീയും അവരുടെ ഭർത്താവ് മഹേന്ദ്ര യാദവ്, ഭർതൃസഹോദരൻ രാംദേവ് യാദവ് എന്നിവർ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു. ഇവരുടെ ഓട്ടോയിൽ ഷഹാബുദ്ദീന്റെ ബൈക്കിടിക്കുകയും അനിതാ ദേവിക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു.
ഇതോടെ മഹേന്ദ്രയും രാംദേവും ചേർന്ന് ഷഹാബുദ്ദീനെ കുറ്റപ്പെടുത്താൻ തുടങ്ങി. ഉടൻ തന്നെ ആൾക്കൂട്ടം തടിച്ചുകൂടുകയും ബാറ്റും വടിയും ഉപയോഗിച്ച് ഷഹാബുദ്ദീന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ആക്രമിക്കാൻ തുടങ്ങി. ആക്രമണം നിർത്താൻ അനിതാ ദേവി ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല. വിവരം ലഭിച്ചതനുസരിച്ച് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും ആൾക്കൂട്ടത്തിൽനിന്ന് ഷഹാബുദ്ദീനെ രക്ഷിക്കുകയും ചെയ്തു. തുടർന്ന് ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.