നേരം വെളുത്തില്ലേ, എന്താണ് വൈകിയത്'; പൊലീസുകാരനോട് പൊതുനിരത്തിൽ കയർത്ത് മന്ത്രിപത്നി, വിവാദം





ഹൈദരാബാദ്: ജോലിക്കെത്തിയ പൊലീസുകാരനോട് മന്ത്രിയുടെ ഭാര്യ കയർത്തുസംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ് ആന്ധ്രപ്രദേശ് സർക്കാർ. ഗതാഗതവകുപ്പ് മന്ത്രി മണ്ഡിപ്പള്ളി രാംപ്രസാദ് റെഡ്ഡിയുടെ ഭാര്യ ഹരിത റെഡ്ഡിയാണ് പൊതുനിരത്തിൽ പൊലീസുകാരനോട് കയർത്തുസംസാരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു.

പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട പരിപാടിക്ക് പോകുകയായിരുന്നു മന്ത്രിപത്നി. യൂണിഫോമിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരനോട് കാറിനകത്തിരുന്നുകൊണ്ട് 'നിങ്ങൾക്കിനിയും നേരം വെളുത്തില്ലേ, ആരാണ് നിങ്ങൾക്ക് ശമ്പളം നൽകുന്നത്' എന്നൊക്കെ ഹരിത റെഡ്ഡി ചോദിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. നിങ്ങൾ എന്തുകൊണ്ടാണ് വൈകിയത്, നിങ്ങൾക്ക് ഇനിയും നേരം വെളുത്തില്ലേ. ഞാനിവിടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് അരമണിക്കൂറായി. ആരാണ് നിങ്ങൾക്ക് ശമ്പളം നൽകുന്നത്, സർക്കാരാണോ അതോ വൈഎസ്ആർസിപിയാണോ?- ഹരിത റെഡ്ഡി പൊലീസുകാരനോട് ചോദിക്കുന്നു.
കോൺഫറൻസ് ഉണ്ടായിരുന്നതിനാലാണ് വൈകിയതെന്ന് പൊലീസുകാരൻ മറുപടി നൽകുന്നത് വീഡിയോയിൽ കാണാം. എന്ത് കോൺഫറൻസ് ആണെന്ന് ചോദിച്ച് ഹരിത അപ്പോൾ ദേഷ്യപ്പെടുന്നുണ്ട്. നിങ്ങൾ ജോലിക്ക് വന്നതാണോ അതോ കല്യാണം കൂടാൻ വന്നതാണോ എന്ന് ഹരിത പൊലീസുകാരനെ പരിഹസിക്കുന്നതും വീഡിയോയിലുണ്ട്.
വീഡിയോ വൈറലായതോടെ രൂക്ഷവിമർശനമാണ് സമൂഹത്തിൽ നിന്ന് ഉയരുന്നത്. നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ വിമർശനമറിയിക്കുകയും ചെയ്യുന്നുണ്ട്. സംഭവം രാഷ്ട്രീയ ആയുധമാക്കി വൈഎസ്ആർസിപിയും രം​ഗത്തെത്തി. മന്ത്രിയുടെ ഭാര്യയ്ക്ക് രാജകീയ മര്യാദ വേണമെന്ന് വൈഎസ്ആർസിപി എക്സിൽ പരിഹസിച്ചു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ടിഡിപി- ജനസേന- ബിജെപി സഖ്യമാണ് ആന്ധ്രപ്രദേശിൽ ഭരണത്തിലുള്ളത്.

أحدث أقدم