പാമ്പാടി- സമീപത്തെ മൂന്നു പഞ്ചായത്തുകളുടെ വരുമാനം തനതായുള്ള പാമ്പാടി ഗ്രാമപഞ്ചായത്തിലെ റോഡുകളുടെ ദാരുണാവസ്ഥക്കു കാരണം പഞ്ചായത്തു ഭരണ സമിതിയുടെ ധാർഷ്‌ട്യവും പിടിപ്പുകേടുമെന്നു കെ.പി.സി.സി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്.കഴിഞ്ഞ ദിവസം ഗ്രാമീണ റോഡുകളുടെ നവീകരണത്തിനു ഓരോ വാർഡിലേക്കും 20 ലക്ഷം രൂപ വീതം അനുവദിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നൽകിയ നോട്ടിസ് പ്രകാരം വിളിച്ചുചേർത്ത അടിയന്തര കമ്മിറ്റിയിൽ ഏഴു കോടി രൂപ പഞ്ചായത്ത് ഫണ്ട് ഉണ്ടായിട്ടും ഒരു രൂപ പോലും അനുവദിക്കാതെ പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ട ഭരണപക്ഷ ധാർഷ്‌ട്യത്തിൽ പ്രതിഷേധിച്ചു
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി പഞ്ചായത്ത് പടിക്കൽ നിന്നും കാളച്ചന്ത ചുറ്റി ബസ് സ്‌റ്റാൻഡിൽ അവസാനിച്ച പ്രതിഷേധ പ്രകടനത്തെ തുടർന്നു മണ്ഡലം പ്രസിഡൻ്റ് കെ.ആർ. ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന വിശദീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാമ്പാടി പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്‌ഥ ഭരണസമിതിയുടെ ഗ്രാഹ്യക്കുറവും പിടിപ്പുകേടും മൂലമാണെന്നും അതിനു മീനടം ഗ്രാമപ്പഞ്ചായത്തിനെ പഴി ചാരുന്നതിൽ കഴമ്പില്ലെന്നും മീനടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്റ് മോനിച്ചൻ കിഴക്കേടം പറഞ്ഞു. മീനടം ഗ്രാമപ്പഞ്ചായത്തിൻ്റെ ആസ്‌തിയിൽ പൊത്തൻപുറത്തുള്ള സ്‌ഥലത്ത് പാമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ജങ്ങൾക്കു കുടിവെള്ളമെത്തിക്കാനുള്ള ശുദ്ധജല സംഭരണി പണിയുന്നതിന് അനുമതി നൽകുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.ബി.ഗിരിശൻ. ജില്ലാ പഞ്ചായത്തംഗം രാധാ വി.നായർ, യു.ഡി.എഫ് നിയോകമണ്ഡലം കൺവീനർ കുഞ്ഞു പുതുശേരി, ഗ്രമപ്പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മാത്തച്ചൻ പാമ്പാടി, വൈസ് പ്രസിഡന്റ്റ് അഡ്വ.സിജു കെ.ഐസക്ക്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സെബാസ്‌റ്റ്യൻ ജോസഫ്, അനീഷ് ഗ്രാമറ്റം എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് മുൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി, ഐ.എൻ.റ്റി.യു.സി സംസ്‌ഥാന വൈസ് പ്രസിഡന്റ്റ് അനിയൻ മാത്യു. ഗ്രമപ്പഞ്ചായത്തംഗങ്ങളായ പി.എസ്.ഉഷാകുമാരി, ഏലിയാമ്മ ആന്റണി, മേരിക്കുട്ടി മർക്കോസ്, അച്ചാമ്മ മാത്യു, എൻ. ജെ.പ്രസാദ്, വി.എസ്.ഗോപാലകൃഷ്‌ണൻ, ജോർജ് പാമ്പാടി, ബിജു പുത്തൻകുളം എന്നിവർ നേതൃത്വം നൽകി.