പിണറായി ശൈലി​ മാറ്റേ​ണ്ടന്ന് വെള്ളാപ്പള്ളി നടേശൻ



കൊച്ചി: മുഖ്യന്ത്രി പിണറായി വിജയനെ പിന്തുണച്ച് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി ശൈലി​ മാറ്റേ​ണ്ടന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം തവണയും പിണറായി സർക്കാർ ഭരണത്തിൽ വരാൻ സാധ്യതയുണ്ട്. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. അഞ്ചുവർഷം ഭരിച്ച രീതിയിൽ തന്നെ പോയാൽ മതിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ലോക്സഭാ ​തോൽവിയുടെ പരാജയ കാരണം പഠിച്ച് അതിന് സി.പി.എം പരിഹാരം കാണണം. കഴിഞ്ഞ പ്രാവശ്യം കിറ്റുണ്ടായിരുന്നു. ഇപ്പോൾ ക്ഷേമ പെൻഷനടക്കം കുടിശ്ശികയായി മാറി. മാവേലി സ്റ്റോറുകളിൽ സാധനങ്ങളില്ല. ഇതെല്ലാം പരാജയത്തിന് കാരണമായി. കൂടാതെ ന്യൂനപക്ഷ പ്രീണനവും തിരിച്ചടിയായി. അടിസ്ഥാന വർഗങ്ങൾക്ക് കാര്യമായ പരിഗണനയും പരിരക്ഷയും ലഭിച്ചില്ല. അതേസമയം, ന്യൂനപക്ഷങ്ങൾ സി.പി.എമ്മിന് വോട്ട് ചെയ്തതുമില്ല.


മലബാർ പ്രദേശത്ത് ഈഴവർ സി.പി.എമ്മിന് വോട്ട് ചെയ്തിട്ടില്ല. കൂടാതെ കാന്തപുരം വിഭാഗത്തിന്റെ വോട്ട് പോലും കിട്ടിയില്ലെന്നാണ് പലരും പറയുന്നത്. താനൊരു മുസ്ലിം വിരോധിയല്ല. പക്ഷ​െ, അങ്ങനെയാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഞാൻ സത്യമാണ് പറഞ്ഞത്. യു.ഡി.എഫും എൽ.ഡി.എഫും ഒമ്പത് പേരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. അതിൽ ഏഴുപേർ ന്യൂനപക്ഷവും രണ്ടുപേർ ഭൂരിപക്ഷ അംഗങ്ങളുമാണ്. ഒരൊറ്റ പിന്നാക്കക്കാരനും അതിലില്ല. ഏഴിൽ അഞ്ചും മുസ്‍ലിംകളാണ്. രണ്ടുപേർ ക്രിസ്ത്യാനികളുമാണ്.

ഇടതുപക്ഷത്തെ എന്നും പിന്തുണച്ചവരാണ് ഈഴവ സമുദായം. പക്ഷെ, സി.പി.എം അവരെ പാടെ അവഗണിച്ചു. ​ക്രിസ്ത്യാനികളുടെ വോട്ട് നേടിയാണ് തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
أحدث أقدم