കണ്ണൂരിൽ‌ 'നിധി' കണ്ടെത്തിയ സ്ഥലത്ത് വീണ്ടും സ്വര്‍ണമുത്തുകളും വെള്ളിനാണയങ്ങളുംനാണയങ്ങളില്‍ അറബിക് ലിപിയിലുള്ള അക്കങ്ങളും അക്ഷരങ്ങളും







കണ്ണൂർ: ശനിയാഴ്ച ചെങ്ങളായിയിൽ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തിയിടത്ത് വീണ്ടും അമൂല്യ വസ്തുക്കൾ കണ്ടെത്തി. 17 മുത്തുമണികൾ, 13 സ്വർണപ്പതക്കങ്ങൾ, കാശുമാലയുടെ 4 പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് കുടത്തിനുള്ളിൽ നിന്ന് ആദ്യം ലഭിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം മഴക്കുഴിക്കു സമീപത്തായി വീണ്ടും കുഴിച്ചതോടെയാണ് ശനിയാഴ്ച രാവിലെ 4 വെള്ളിനാണയങ്ങളും 2 സ്വർണമുത്തും കൂടി ലഭിച്ചത്.
തൊഴിലുറപ്പ് തൊഴിലാളികള്‍ മഴക്കുഴി എടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. പരിപ്പായി ഗവൺമെന്‍റ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് തൊഴിലുറപ്പ് തൊഴിലാളികളികൾ ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം കണ്ടെത്തിയത്. 16 തൊഴിലാളികളാണ് ഈ സമയം മഴക്കുഴി നിര്‍മാണത്തിനുണ്ടായിരുന്നത്. നാണയങ്ങളില്‍ അറബിയില്‍ അക്കങ്ങളും അക്ഷരങ്ങളും എഴുതിയിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ ആഭരണങ്ങൾക്ക് 200 വർഷത്തിലേറെ പഴക്കം കാണില്ലെന്നാണ് പ്രാഥമിക നിഗമനം. അതി പുരാതന നൂറ്റാണ്ടുകളിലെ നാണയങ്ങളല്ല കണ്ടെത്തിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശം വന്നാൽ മാത്രമേ പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധനകൾ തുടങ്ങാനാകൂ. മൂല്യം കണക്കാക്കി പിന്നീട് സ്ഥലം ഉടമയ്ക്ക് അർഹമായ വിഹിതം നൽകുമെന്നും വകുപ്പ് അറിയിച്ചു. ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം പൊലീസ് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.

മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് കരുതിയതെന്ന് തൊഴിലാളികൾ പറയുന്നു. പിന്നീട് ധൈര്യം സംഭരിച്ച് കുടം തുറന്നെപ്പോഴാണ് നിധിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു എന്നും തൊഴിലാളികൾ പറയുന്നു
أحدث أقدم