കിണറുകളിൽ നിന്ന് മോട്ടോറുകൾ മോഷണം…ദമ്പതികൾ പിടിയിൽ




മാവേലിക്കര : ആലപ്പുഴ എണ്ണയ്ക്കാട് പ്രദേശത്ത് കിണറുകളിൽ നിന്ന് വ്യാപകമായി മോട്ടോറുകൾ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. ഹരിപ്പാട് കാർത്തികപള്ളി മഹാദേവികാട് കൈമൂട്ടിൽ രാജേഷ് (41), ഭാര്യ താര (29) എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ബുധനൂർ പഞ്ചായത്തിൽ എണ്ണയ്ക്കാട് പ്രദേശത്ത് കുടിവെള്ള കിണറിനരികിൽ സ്ഥാപിച്ചിരുന്ന മോട്ടോറുകള്‍ മോഷ്ടിച്ചു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് എണ്ണയ്ക്കാട് വില്ലേജ് ഓഫിസിലെ മോട്ടോർ മോഷണം പോയത്. തുടർന്ന് എണ്ണയ്ക്കാട് ഗവണ്‍മെന്റ് യു.പി സ്കൂളിലെ മോട്ടോറും മോഷണം പോയി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എണ്ണയ്ക്കാട് ക്ഷേത്രത്തിനു സമീപമുള്ള 19-ാം നമ്പർ അങ്കണവാടിയിലെയും, തയ്യൂർ പരുത്തിയേത്ത് അരവിന്ദന്റെ വീട്ടിലെയും മോട്ടോറുകൾ മോഷണം പോയത്.

കൂടാതെ പെരിങ്ങിലിപ്പുറം, ഗ്രാമം, എണ്ണയ്ക്കാട് ഭാഗങ്ങളിലെ വിവിധ വീടുകളിൽ നിന്നും മോട്ടോറുകൾ മോഷണം പോയതായി പിന്നീട് പരാതികളെത്തി. എണ്ണയ്ക്കാട് ആയുർവേദ ആശുപത്രിയുടെ മോട്ടോർ ഇളക്കി മാറ്റാൻ ശ്രമിച്ചെങ്കിലും കൊണ്ടു പോകാൻ കഴിഞ്ഞില്ല. കൂടാതെ ചില വീടുകളിലും മോഷണ ശ്രമം നടന്നു. വില്ലേജ് ഓഫിസിൽ മോഷണം നടന്ന ദിവസം പുലർച്ചെ ഒരു സ്ത്രീയും പുരുഷനും സ്കൂട്ടറിൽ മോട്ടോറുമായി പോകുന്നത് കണ്ടതായി പരിസരവാസി പൊലീസിനെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ അറസ്റ്റിലായത്. ആകെ ആറ് കേസുകളാണ് ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
أحدث أقدم