‘തോൽവിയെ തോൽവി ആയി അംഗീകരിക്കണം; ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ആണ് CPI നിലപാട് എടുക്കുന്നത്’; ബിനോയ് വിശ്വം



തോൽവിയെ തോൽവി ആയി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങൾ താക്കീതായി തിരുത്തണം എന്ന് പറഞ്ഞതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഇപ്പോഴും ഇടതുപക്ഷത്തിൽ വിശ്വാസമുണ്ടെന്നും ജനവിധിയെ വിനയത്തോടെ അംഗീകരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞുയ.

നമ്മുടെ ഭാഗത്ത് എന്താണ് വീഴ്ച എന്ന് നമ്മൾ നോക്കണം. ഇപ്പൊ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് തിരുത്തുകയെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ആണ് സിപിഐ നിലപാട് എടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടും. നമുക്ക് ചില കാര്യങ്ങൾ ചെയ്യാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറ‍ഞ്ഞു. സിപിഐക്കും സിപിഐഎമ്മിനും ഇത് ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഐ നല്ലത് എന്നും സിപിഐഎം മോശം എന്ന അഭിപ്രായം സിപിഐക്ക് ഇല്ല. പാർട്ടിയിൽ പറയുന്നത് ട്രോൾ ആക്കാൻ വേണ്ടി ഒറ്റു കൊടുക്കുന്നത് നെറികേടാണ്. സിപിഐയിൽ ചർച്ചകൾ നടക്കും. നേതാവ് കൽപ്പിക്കുന്നത് ശരി എന്ന് പറയുന്ന രീതി അല്ല സിപിഐയുടേതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് വേണ്ട ചികിത്സ ജനങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുക എന്നുള്ളതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനെതിരെ സിപിഐ കമ്മിറ്റികളിൽ രൂക്ഷ വിമർശനമാണ് ഉയർന്നിരുന്നത്. കൂടാതെ കണ്ണൂരിൽ പാർട്ടിവിട്ട മനു തോമസിന്റെ വെളിപ്പെടുത്തലിൽ ബിനോയ് വിശ്വം പ്രസ്താവന ഇറക്കിയതും സിപിഐഎം നേതൃത്വത്തിന് ശരിയായി തോന്നിട്ടില്ല. വിമർശനങ്ങളുടെ ഉള്ളടക്കത്തെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും പ്രസ്താവനയിലൂടെ സിപിഐ പറഞ്ഞു വച്ചതിനെ സി.പി.ഐ.എം അംഗീകരിക്കുന്നില്ലെന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. സിപിഐയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ സജീവമാണ്. നല്ല ഉദ്ദേശത്തോടെയുള്ള വിമർശനമാണോയെന്ന് ബിനോയ് വിശ്വത്തോട് ചോദിക്കണമെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ സിപിഐ വിമർശനങ്ങളോടുള്ള പ്രതികരണം.
أحدث أقدم