ചെന്നൈ: തമിഴ്‌നാട്ടിൽ ആൺകുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഎംകെ സർക്കാർ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ലഭിക്കുന്ന ‘തമിഴ് പുദൽവൻ’ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇതിൻ്റെ ഗുണം ലഭിക്കും.
പെണ്‍കുട്ടികള്‍ക്കായി ‘പുതുമൈ പെണ്‍’ എന്ന പേരില്‍ സമാനമായ സാമ്പത്തിക സഹായ പദ്ധതി മുഖ്യമന്ത്രി നേരത്തെ ആരംഭിച്ചിരുന്നു. ഈ പദ്ധതിയാണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കും ഉറപ്പാക്കിയത്.
വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘തമിഴ് പുദല്‍വൻ’, ‘പുതുമൈ പെണ്‍’ എന്നീ പദ്ധതികള്‍ ആവിഷ്‌കരിച്ച് ആരംഭിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2022 സെപ്തംബർ അഞ്ചിനാണ് സംസ്ഥാനത്ത് പെൺകുട്ടികൾക്ക് വേണ്ടി ഈ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചത്. 2022-23 കാലത്ത് 2.09 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിൻ്റെ നേട്ടം കിട്ടി. തൊട്ടടുത്ത വർഷം 64231 വിദ്യാർത്ഥികൾ കൂടി പദ്ധതിയിൽ ഭാഗമായി. പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ ഇതുരെ 371.77 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്