കൊച്ചി: കൊച്ചിയിൽ വീട്ടമ്മയെ പറ്റിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറൽ പൊലീസ് സാഹസികമായി പിടികൂടിയത്. ഓൺലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഓണ്‍ലൈൻ തട്ടിപ്പ് കേസുകളിലെ പ്രധാനകണ്ണിയാണ് അഹമ്മദാബാദിൽ നിന്നും പിടിയിലായ വിജയ് സോൻഖർ. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കുന്നതാണ് തട്ടിപ്പ് രീതി.
മാസങ്ങൾക്ക് മുൻപാണ് തട്ടിപ്പ് സംഘം കൊച്ചിയിലെ വീട്ടമ്മയെയും പരിചയപ്പെടുന്നത്. ഓൺലൈൻ നിക്ഷേപത്തിന് വലിയ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതമെന്ന രീതിയിൽ കുറച്ചു തുക നൽകി. പിന്നാലെ വീട്ടമ്മ കൂടുതൽ തുക തട്ടിപ്പ് സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. നിക്ഷേപിച്ച പണത്തിന് വൻ ലാഭം സാമൂഹികമാധ്യമത്തിലെ പേജുകളിൽ നിരന്തരം പ്രദർശിപ്പിച്ചു. ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒന്നേകാൽ കോടിയോളം രൂപയാണ് വീട്ടമ്മ നൽകിയത്. ഒടുവിൽ പണം തിരികെ എടുക്കാൻ ശ്രമിച്ചപ്പോൾ സംഘം അപ്രത്യക്ഷരായി.